| Thursday, 3rd June 2021, 10:18 am

പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി; കേന്ദ്ര ഓഫീസികള്‍ക്ക് മുമ്പിലും സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനും ജൂണ്‍ പത്തിന്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു.

വീട്ടുമുറ്റ ഐക്യദാര്‍ഢ്യസദസ്സുകള്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു എല്ലാ വീടുകളിലും നടത്തണം. വൈകീട്ട് 5 മണി മുതല്‍ 5.30 വരെയായിരിക്കും സദസ് നടക്കുക. ‘ഞങ്ങള്‍ ലക്ഷദ്വീപിനൊപ്പം’ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ച് ഫോട്ടോകള്‍ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് പ്രശ്‌നത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ ശ്രദ്ധേയരായ എഴുത്തുകാരെയും ഭരണഘടനാ വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് വെബിനാര്‍ പരമ്പരകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപിന്റെ പ്രകൃതിയെയും ജനങ്ങളുടെ ഉപജീവനോപാധികളെയും
സംസ്‌കാരത്തെയും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റധികാരപ്രയോഗങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന അതിജീവന പോരാട്ടങ്ങള്‍ക്കൊപ്പം എല്ലാവരും നില്‍ക്കണമെന്നും യോഗത്തില്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച എളമരം കരീം എം.പി ലക്ഷദ്വീപ് പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന സംഘപരിവാര്‍ നീക്കങ്ങളെ പ്രതിരോധിക്കാനും കൃത്യമായ മതനിരപേക്ഷ നിലപാടുകളില്‍ നിന്നുകൊണ്ട്
പ്രക്ഷോഭമുയര്‍ത്തിയെടുക്കാനുള്ള ജാഗ്രതാപൂര്‍വ്വമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് പറഞ്ഞു.

ദ്വീപിലെ ടൂറിസം സാധ്യതകളെ ലക്ഷ്യം വെക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഹിന്ദുത്വവാദിയായ അഡ്മിനിസ്‌ട്രേറ്റര്‍ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ദ്വീപ് ജനതയെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെയും പരിഷ്‌ക്കാരങ്ങളെയും ന്യായീകരിക്കാനായി സംഘപരിവാര്‍ നടത്തി കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്നു കാണിക്കുന്ന വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും കുറിപ്പുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരിപ്പിക്കണം.

വികസനത്തിന്റെ പേരില്‍ പ്രകൃതിക്കും ലക്ഷദ്വീപ് നിവാസികള്‍ക്കും നേരെ നടക്കുന്ന അധിനിവേശനീക്കങ്ങള്‍ക്ക് പിറകിലെ കോര്‍പ്പറേറ്റ് താല്പര്യങ്ങളെ തുറന്നു കാട്ടുന്ന പ്രഭാഷണ, പ്രചരണപരിപാടികള്‍ എല്ലാ സംഘടനകളും സ്വന്തം നിലക്കും കൂട്ടായും നടത്തണമെന്നും യോഗം തീരുമാനിച്ചു.

വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകളില്‍ എല്ലാവരും പങ്കെടുക്കണമെന്നാവശ്യപ്പെട്ടു സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കെ.പി രാമനുണ്ണി, ഖദീജ മുംതാസ്, കെ അജിത, പി.കെ. പാറക്കടവ്, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങി നിരവധി പേരാണ് സമൂഹമാധ്യമങ്ങള്‍ വഴി സമരത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു രംഗത്തെത്തിയത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

കേരളത്തിലും പ്രഫുല്‍ പട്ടേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Protest in solidarity with Lakshadweep People in Kerala on World environment Day

We use cookies to give you the best possible experience. Learn more