വീല്‍ ചെയറിലെത്തിയ സാമൂഹിക പ്രവര്‍ത്തകന് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ച സംഭവം: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
Daily News
വീല്‍ ചെയറിലെത്തിയ സാമൂഹിക പ്രവര്‍ത്തകന് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ച സംഭവം: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2015, 8:54 pm

malhothra-01ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തനും നിപ്മാന്‍ ഫൗണ്ടേഷന്റെ സഹസ്ഥാപകനുമായ നിപുണ്‍ മല്‍ഹോത്ര വീല്‍ചെറിലെത്തിയതിനെത്തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ച ഹോട്ടല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വെള്ളിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലിലെത്തിയ നിപുണ്‍ മല്‍ഹോത്രയെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞിരുന്നത്.

ദല്‍ഹിയിലെ കെയ റസ്റ്ററന്റ് ആന്റ് ബാര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നത്. ഭിന്നശേഷിയുള്ളയാള്‍ എന്നു പറഞ്ഞായിരുന്നു ഇദ്ദേഹത്തെ പുറത്താക്കിയിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലിലെത്തിയ നിപുണിന് ഹോട്ടലിലേക്കുള്ള പ്രവേശനാനുവതി നിഷേധിച്ചെന്നും സെക്യൂരിറ്റി ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നെന്നും ആരോപണമുണ്ട്

ഭിന്നശേക്ഷിയുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും പരിക്കേറ്റവരാണെങ്കില്‍ പ്രവേശിക്കുന്നതില്‍ കുഴപ്പമില്ലെന്നുമാണ് ഹോട്ടലിന്റെ നയമെന്ന് മാനേജര്‍ പറഞ്ഞതായി നിപുണിന്റെ സുഹൃത്ത് പറഞ്ഞു. പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.