സേലം: ജെ.എന്‍.യു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രജിനി ക്രിഷിന്റെ മരണത്തില്‍ സേലത്ത് വന്‍ പ്രതിഷേധം. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ക്രിഷിന്റെ പിതാവ് ജീവാനന്ദവും ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മനോഭാവവും അസമത്വവുമാണ് മരണ കാരണമെന്ന് സഹപാഠികളും ആരോപിച്ചതിന് പിന്നാലെയാണ് സേലത്ത് പ്രതിഷേധം ആരംഭിച്ചത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ വി.സി.കെ റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തില്‍ സേലത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. ക്രിഷ് ജാതി വിവേചനത്തിന്റെ ഇരയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ യു.ജി.സി നയങ്ങള്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയില്‍ രജിനി ക്രിഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടെയാണ് ക്രിഷിന്റെ മരണം.
ജെ.എന്‍.യു സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വദ്യാര്‍ത്ഥിയായ രജനി ക്രിഷിനെ മുനീര്‍ക്കയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ മുന്‍ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന രജനി അക്കാദമിക് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തുമാണ്.
എന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍ ഭീരുവല്ലെന്നും ശനിയാഴ്ച്ചയും അവനുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും ഉടന്‍ വീട്ടിലേക്കെത്തുമെന്നാണ് അവന്‍ പറഞ്ഞതെന്നും മാധ്യമങ്ങളോട് പറഞ്ഞ ജീവാനന്ദം മകന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയം ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.