'അയ്യോ പോകല്ലേ... '; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാഹനം തടഞ്ഞ് പ്രവര്‍ത്തകരുടെ പ്രതിഷേധം
Kerala News
'അയ്യോ പോകല്ലേ... '; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാഹനം തടഞ്ഞ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 11:20 am

 

പുതുപ്പള്ളി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടുപോകരുത് എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ കൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞാണ് പ്രതിഷേധം.

”ഞങ്ങളെ കൂഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒത്തുകൂടിയത്.

ദല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടി തിരികെയെത്തിയതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമുയര്‍ത്തി മുന്നോട്ടുവന്നത്.

വെള്ളിയാഴ്ച താന്‍ പുതുപ്പള്ളിയല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ എന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ മത്സരിച്ച വി. ശിവന്‍കുട്ടിയെ തന്നെയാണ് ഇക്കുറിയും എല്‍.ഡി.എഫ് നേമത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.
ഒ. രാജഗോപാല്‍ ഇക്കുറി മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Protest in Puthupally over Umman Chandy’s Nemam Candidacy