| Friday, 16th January 2015, 6:47 pm

ഷാര്‍ലി ഹെബ്‌ദോ വിരുദ്ധ പ്രക്ഷോഭം: പാകിസ്ഥാനില്‍ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ക്ക് വെടിയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ഷാര്‍ലി ഹെബ്ദോ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. സംഘര്‍ഷത്തിനിടെ ആസിഫ് ഹസനെന്ന എ.എഫ്.പി ഫോട്ടോഗ്രാഫര്‍ക്ക് വെടിയേറ്റു. ഇസ്‌ലാമിക സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയാണ് കറാച്ചിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് മുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നത്.

ഇരുനൂറിലധികം വരുന്ന പ്രക്ഷോഭകാരികളാണ് കോണ്‍ലുലേറ്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് ജല പീരങ്കികളും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് നേരിട്ടത്.

ആക്ഷേപ ഹാസ്യ വാരികയായ ഷാര്‍ലി ഹെബ്ദോ പുറത്തിറക്കിയ  പ്രവാചകന്റെ മുഖചിത്രമുള്ള പുതിയ കാര്‍ട്ടൂണിനെതിരെയാണ് പാക് ജമാഅത്തെ ഇസ്‌ലാമി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കാര്‍ട്ടൂണിനെതിരെ പാക് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭം നടത്തിയവരിലേറെയും വിദ്യാര്‍ത്ഥികളായിരുന്നു.

നേരത്തെ 2006ല്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന് നേരയും പാകിസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more