ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലേക്ക് നടന്ന റാലിക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് മരണം. പ്രതിഷേധത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്.
ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പി.ടി.ഐ (പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്) അനുയായികള്‍ ഇസ്‌ലാമാബാദിലേക്ക് നടത്തിയ റാലി അക്രമസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അണികള്‍ കവണ ഉപയോഗിച്ച് കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പി.ടി.ഐ അണികള്‍ ഇസ്‌ലാമാബാദിലെ ഡി. ചൗക്കിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി സൈന്യത്തെയും സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ രണ്ട് ദിവസമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
പ്രതിഷേധം തടയാന്‍ വേണ്ടി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഹൈവേകള്‍ ഉപരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നൂറില്‍പ്പരം കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. അദ്ദേഹം തന്നെയാണ് തന്റെ മോചനത്തിനായും ജുഡീഷ്യറിയുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കാന്‍ ഇസ്ലാമാബാദിലെ തെരുവുകളിലേക്ക് ഇറങ്ങാന്‍ അണികളോട് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ ഭരണഘടനയിലുമുള്ള സമീപകാല മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ടി.ഐ സ്വതന്ത്രമായി മത്സരിച്ച് ഭൂരിപക്ഷം നേടിയെങ്കിലും അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ നീക്കത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. അതിനാല്‍ തന്നെ നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Protest in Pakistan demanding Imran Khan’s release; Six security personnel were killed