കോഴിക്കോട്: നൂറ്റിയമ്പതു ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവരുന്ന നില്‍പ്പുസമരത്തെ പരിഗണിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കോഴിക്കോട് കലക്ട്രേറ്റില്‍ ജനാധിപത്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കലക്ടറുടെ മുറിയ്ക്കു പുറത്ത് ബാനര്‍ പതിച്ചും മുദ്രാവാക്യം വിളിച്ചും നോട്ടീസ് വിതരണം ചെയ്തുമായിരുന്നു പ്രതിഷേധം. കേരളത്തിലെ ദുര്‍ബല വിഭാഗമായ ആദിവാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാവുന്നില്ലെന്ന് ജനാധിപത്യ വേദി പ്രവര്‍ത്തകര്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു. ലോകമനുഷ്യാവകാശദിനമായ ഇന്നും അവര്‍ക്ക് അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യേണ്ടിവരികയാണ്, അവര്‍ വ്യക്തമാക്കി.
പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ടു ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. അഡ്വ. ലാല്‍ കിഷോര്‍, റിജു രാമത്തും പൊയില്‍, ഷാജിത്ത്, പി.സി ഹനീഷ്, രഞ്ജിത്ത് സുനില്‍ കുമാര്‍ എന്നീ ജനാധിപത്യ പ്രവര്‍ത്തകരെയാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസി പഞ്ചായത്ത് ആയി പ്രഖ്യാപിക്കുക, ആദിവാസി മിഷന്‍ പുനരുജ്ജീവിപ്പിക്കക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ആദിവാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട കേരളത്തിലെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്‍കുക പട്ടിണി മരണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുക, ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നില്‍പുസമരം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയകളും വലിയ പിന്തുണയാണ് സമരത്തിന് നല്‍കുന്നത്.