തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍. സഭാ നടപടികള്‍ ബഹിഷ്‌കരിച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പരം പോര്‍വിളിയുമായെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി.
സ്വര്‍ണക്കടത്ത് കേസിലും ബ്രഹ്മപുരം വിഷയത്തിലും മുഖ്യമന്ത്രിക്ക് കവചമൊരുക്കാന്‍ സ്പീക്കര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് വി.ഡി സതീഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സ്ത്രീ സുരക്ഷക്കായി ഉമ തോമസ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതും പ്രതിഷേധത്തിന് കാരണമായി.
എം.എല്‍.എമാര്‍ പിരിഞ്ഞുപോവാന്‍ കൂട്ടാക്കാത്തതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ എത്തി. തുടര്‍ന്ന് സഭയില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയായിരുന്നു.
എം.എല്‍.എമാരെ നിലത്തിട്ട് വലിച്ചിഴച്ചതായും ആക്രമിച്ചതായും ആരോപണമുണ്ട്. കയ്യാങ്കളിക്കിടെ ചാലക്കുടി എം.എല്‍.എ ടി.ജെ സനീഷ് കുമാര്‍ ബോധരഹിതനായി നിലത്തുവീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. സ്ത്രീകളടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ കയ്യേറ്റമുണ്ടായതായും എം.എല്‍.എമാര്‍ ആരോപിച്ചു.
Content Highlight: Protest in kerala assembly