| Friday, 23rd September 2022, 11:00 am

പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍.ഐ.എ റെയ്ഡ്; കര്‍ണാടകയിലും പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റെയ്ഡിന് പിന്നാലെ പ്രതിഷേധം ശക്തം. പി.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് നസീര്‍ പാഷ, സെക്രട്ടറി അഫ്‌സര്‍ പാഷ മറ്റ് നേതാക്കളായ എ.കെ. അഷ്‌റഫ്, ഷരീഫ് ബാജ്‌പെ, നവാസ് കാവൂര്‍ എന്നിവരുള്‍പ്പെടെ മറ്റ് പ്രവര്‍ത്തകരുടെ വീടുകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ഇതിനെതിരെ മംഗളൂരുവില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പി.എഫ്.ഐ പ്രവര്‍ത്തകര്‍.

രാജ്യവ്യാപകമായി കഴിഞ്ഞ ദിവസം പി.എഫ്.ഐ ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് എന്‍.ഐ.എ അന്വേഷണം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേരെ ഇതിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തില്‍ നടന്ന റെയ്ഡില്‍ 45ഓളം പി.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് പി.എഫ്.ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിനിടെ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ഉത്തര്‍പ്രദേശ്, കേരള, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി രാജ്യത്ത് 15 സംസ്ഥാനങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍.ഐ.എയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ദൗത്യമാണിത്. എന്‍.ഐ.എയോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) റെയ്ഡിന് എത്തിയിരുന്നു.

അതേസമയം പി.എഫ്.ഐക്കെതിരെ  താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. എന്നാല്‍ എന്‍.ഐ.എയുടെ വാദങ്ങള്‍ നേതാക്കള്‍ നിഷേധിച്ചു.

രാജ്യത്തുടനീളം നടക്കുന്ന റെയ്ഡില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെയാണ് റെയ്ഡ് നടന്നതെന്ന ആരോപണങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.

ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും കാണിച്ചാണ് റെയ്ഡ്. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതും നടപടിക്ക് കാരണമായി എന്‍.ഐ.എ ചൂണ്ടിക്കാണിക്കുന്നു

Content Highlight: Protest in Karnataka amid National investigation agency raided popular front of India office and properties of its leaders

We use cookies to give you the best possible experience. Learn more