ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ കര്‍ണാടകത്തില്‍ വ്യാപക പ്രതിഷേധം. കര്‍ണാടകത്തിലെ ഗതാഗതം സ്തംഭിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
കനകപുരയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ബെംഗളൂരു-മൈസൂരു പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുമുണ്ട്.
നാളെ കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. ശിവകുമാറിന്റെ നാടായ കനകപുരയില്‍ നാളെ ബന്ദിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കനകപുരയ്ക്കു പുറമേ രാമനഗരത്തിലും റോഡ് ഉപരോധിച്ച് രാത്രിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ചന്നബസപ്പയില്‍ പ്രവര്‍ത്തകര്‍ ടയറുകള്‍ കത്തിച്ചാണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
ഒടുക്കം തന്നെ അറസ്റ്റ് ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ തന്റെ ബി.ജെ.പി സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണെന്നും ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 30 നും 31 നും അദ്ദേഹം ഇ.ഡിക്ക് മുന്‍പില്‍ ഹാജരായ അദ്ദേഹം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി സമന്‍സ് അയച്ചത്.