ടെല്‍ അവീവ്: ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രാജ്യവ്യാപക പണിമുടക്കില്‍ സ്തംഭിച്ച് ഇസ്രഈല്‍. പതിനായിരങ്ങള്‍ അണിനിരന്ന പണിമുടക്കില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, തുറമുഖങ്ങള്‍ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ ലക്ഷണക്കിന് ഇസ്രഈലികള്‍ അണിനിരന്നു. പ്രതിഷേധത്തില്‍ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ സമയം രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്കില്‍ ടെല്‍ അവീവിലെയും അയലോണ്‍ ഹൈവേയിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ റോഡുകള്‍ ഉപരോധിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രഈല്‍ പൗരന്മാര്‍ ഫലസ്തീനിലെ റഫയില്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രഈല്‍ സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്ത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്.
വെടി നിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ അംഗീകരിക്കാത്തതാണ് ബന്ദികളുടെ മരണത്തിന് കാരണം എന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബവും നെതന്യാഹുവിനെതിരെ രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു. യുദ്ധം ആരംഭിച്ച് 11 മാസങ്ങള്‍ക്കിടയില്‍ നെതന്യാഹു ഭരണകൂടത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇത്. പല സ്ഥലങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.
എന്നാല്‍ പണിമുടക്ക് ആരംഭിച്ച് ഉച്ചയോടെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ടെല്‍ അവീവിലെ ലേബര്‍ കോടതി പണിമുടക്ക് അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു.
അതേസമയം രാജ്യവ്യാപക പണിമുടക്കിനെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ബന്ദിമോചനം ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ബന്ദികളുടെ കൊലപാതകത്തില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തി.
അമേരിക്കന്‍ വംശജനായ ഇസ്രഈല്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്‍, കാര്‍മല്‍ ഗാറ്റ്, ഏദന്‍ യെരുശാല്‍മി, അലക്സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് റിയര്‍ ആഡം ഡോനിയല്‍ ഹരാരി പറഞ്ഞു.
ഒക്ടോബറില്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന സംഗീത നിശയ്ക്കിടയില്‍ വെച്ചാണ് ഇവരെയടക്കം 250 പേരെ ഹമാസ് ബന്ദികളാക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ജൂലൈയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ടവരായുരുന്നെങ്കിലും കരാര്‍ നീണ്ട് പോയതോടെ മോചനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇനിയും നൂറോളം ബന്ദികള്‍ ഹമാസിന്റെ തടവിലുണ്ട്.
Content Highlight: Protest in Israel demands ceasefire