| Wednesday, 12th June 2019, 7:47 am

കുറ്റാരോപിതരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ നിയമഭേദഗതി; ഹോങ്കോങ്ങില്‍ വന്‍ ജനകീയപ്രക്ഷോഭം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോങ്: ഹോങ്കോങ്ങില്‍ നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരേ രാജ്യത്തുടനീളം ജനകീയപ്രക്ഷോഭം ശക്തമായി. നിയമം ഇന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ 10 ലക്ഷത്തോളം പ്രക്ഷോഭകര്‍ ഇന്നലെമുതല്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. കൗണ്‍സില്‍ മന്ദിരത്തിനു മുന്നില്‍ ഇവര്‍ നടത്തുന്ന ഉപരോധം തുടരുകയാണ്.

ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി. ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

2014-ലെ ജനാധിപത്യ അവകാശ സമരത്തിനുശേഷം ഹോങ്കോങ്ങില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്ക്, കോഫി ഷോപ്പ് ഉടമകളും ഇന്നു കടകള്‍ അടച്ചിടും. അധ്യാപകര്‍ പണിമുടക്കുകയും സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയും ചെയ്യും.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നാണ് അവര്‍ ആരോപിക്കുന്നത്.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഭേദഗതിക്കെതിരാണ്. പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയിലെ വിദേശകാര്യ മന്ത്രാലയം വാദിക്കുന്നത്.

ഹോങ്കോങ് സ്വദേശിനിയായ യുവതി തായ്‌ലന്‍ഡില്‍ കൊല്ലപ്പെട്ടതും അതിനുശേഷം പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തിയതും സംബന്ധിച്ച വിവാദമാണ് ഭേദഗതിക്കു കാരണമായി ഹോങ്കോങ് പറയുന്നത്. തായ്‌ലന്‍ഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാല്‍ പ്രതിയെ അങ്ങോട്ടു വിട്ടുകൊടുക്കാനായില്ല. തായ്‌ലന്‍ഡില്‍ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങില്‍ കേസെടുക്കാനും സാധ്യമല്ലായിരുന്നു.

2015-ല്‍ ഹോങ്കോങ്ങിലെ അഞ്ച് പുസ്തകവ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യപൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്.

We use cookies to give you the best possible experience. Learn more