| Friday, 12th June 2015, 8:33 pm

മോദി സര്‍ക്കാറിന് 10ല്‍ 10 മാര്‍ക്ക് നല്‍കിയ സീരിയല്‍ നടന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, പ്രതിഷേധം ശക്തം, സന്തോഷ് ശിവന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിപ്പോള്‍ 10 ല്‍ 10 മാര്‍ക്ക് നല്‍കുന്നുവെന്ന് പ്രതികരിച്ച സീരിയല്‍ നടനും ബി.ജെ.പിക്കാരനുമായ ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധം ശക്തം. വിദ്യാര്‍ത്ഥികളും മറ്റ് സിനിമാ പ്രവര്‍ത്തകരമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രിതഷേധിച്ച് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗമായ സന്തോഷ് ശിവന്‍ പദവി രാജിവെച്ചു.

മഹാഭാരതം സീരിയലില്‍ യുധീഷ്ഠീരനായും മറ്റ് ചില സിനിമകളിലും അഭിനയിച്ചതാണ് ഇദ്ദേഹത്തിന്റെ യോഗ്യത. ബാലിശമായ ഡി ഗ്രേഡ് അശ്ലീല ചിത്രം എന്നാണ് വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. അടൂര്‍ ഗോപാല കൃഷ്ണന്‍, ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരീഷ് കര്‍ണാട്, യു.ആര്‍ ആനന്തമൂര്‍ത്തി, സയീദ് അക്തര്‍ മിശ്ര തുടങ്ങിയവരുടെ പിന്‍ഗാമിയായാണ് ഗജേന്ദ്ര ചൗഹാനെ നിയമിച്ചിരിക്കുന്നത്.  ചൊവ്വാഴ്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ ക്ലാസുകളും ഷൂട്ടിങും മറ്റ് പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. നല്ലൊരു ദിവസത്തിന് വേണ്ടിയുള്ള പ്രതിഷേധം എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും അവര്‍ ആവശ്യപ്പെടുന്നു.

നടി വിദ്യാ ബാലന്‍, സംവിധായകന്‍ രാജു ഹിറാനി, ജാനു ബര്‍വ്വ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ തുടങ്ങിയവരാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എത്തുന്ന മറ്റ് അംഗങ്ങള്‍. സംഭവത്തില്‍ പ്രിതഷേധിച്ച് സന്തോഷ് ശിവന്‍ പദവി രാജിവെച്ചു. ബി.ജെ.പി സാംസ്‌കാരിക വിഭാഗത്തിന്റെ ജോയിന്റ് കണ്‍വീനര്‍, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗജേന്ദ്ര ചൗഹാന്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കായി ഹരിയാനയില്‍ പ്രചരണത്തിനും ഇദ്ദേഹം എത്തിയിരുന്നു.

.

We use cookies to give you the best possible experience. Learn more