കോഴിക്കോട്: ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും നടി നിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്‌ളവേഴ്‌സ് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം. സംവിധായകന്‍ മോശമായി പെരുമാറുന്നെന്ന നിഷയുടെ തുറന്നുപറച്ചിലിനെത്തുടര്‍ന്നാണ് ചാനലിനെതിരെ പ്രതിഷേധം.
” നിഷ സാരംഗിനെ തിരിച്ചുകൊണ്ടുവരണം. ഉണ്ണികൃഷ്ണനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണം. ഉപ്പും മുളകും തുടരണം.” എന്നാണ് ഒരാളുടെ കമന്റ്.
“#നിഷയ്ക്കൊപ്പം. സ്വന്തം ചാനലില്‍ workചെയ്യുന്നവരെ സംരക്ഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാ നാട് നന്നാക്കുന്നത്”
സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷ സാരംഗ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന ഉപ്പും മുളകും സീരിയലില്‍ നിന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നും നിരന്തരമായ ശല്യം പരാതിപ്പെട്ടതിന്റെ പകയാണിതെന്നും നിഷ ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നിഷയുടെ തുറന്ന് പറച്ചില്‍. അമേരിക്കയിലെ ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദമെടുത്ത് അഞ്ചു ദിവസം പോയതിന്റെ പേര് പറഞ്ഞാണ് തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയതെന്ന് നിഷ പറഞ്ഞു.
നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് ഉണ്ണികൃഷ്ണനെന്ന് നിഷ പറയുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഫ്ളേവഴ്സ് ചാനല്‍ എം.ഡിയായ ശ്രീകണ്ഠന്‍ നായരോട് വിളിച്ച് പറഞ്ഞെന്നും തുടര്‍ന്ന് സംവിധായകനെ വാണ്‍ ചെയ്തെന്നും നിഷ പറയുന്നു.