| Sunday, 27th October 2013, 7:51 am

സര്‍ക്കാര്‍ ബസുകളില്‍ യാത്ര സൗജന്യം ആവശ്യപ്പെട്ട് ബ്രസീലില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബ്രസീല്‍:  സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ആവശ്യപ്പെട്ട് ബ്രസീലില്‍ വ്യാപക പ്രതിഷേധം. പൊതുഗതാഗതം സൗജന്യമാക്കുക എന്നാവശ്യപ്പെട്ട് രൂപീകരിച്ച ഫ്രീപാസ് മൂവ്‌മെന്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ബ്രസീലിലെ സാവോ പോളോയിലുണ്ടായ പ്രതിഷേധം  മൂന്ന് മണിക്കൂറോളം  അക്രമാസക്തമായി തുടര്‍ന്നു. വിവിധയിടങ്ങളില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

പ്രതിഷേധക്കാര്‍ ഒരു ബസ് അടിച്ചു തകര്‍ക്കുകയും ടിക്കറ്റ് മെഷീനുകള്‍ നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധം കൂടുതല്‍ അക്രമാസക്താമാക്കാന്‍ ശ്രമിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച്ച രാത്രി സമാധാനപരമായി ആരംഭിച്ച പ്രതിഷേധം പിന്നീട് അക്രമാസക്തമാകാന്‍ തുടങ്ങിയതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി ആരോഗ്യം, പൊതുഗതാഗതം എന്നീ മേഖലകളില്‍ നിരവധി പരിഷ്‌കരണപരിപാടികള്‍ക്കും ബ്രസീല്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു.

2014 ലെ ലോകകപ്പിനും 2016 ലെ ഒളിമ്പിക്‌സിനും കോണ്‍ഫെഡറേഷന്‍ കപ്പിനുമെല്ലാം വേദിയാകുന്ന ബ്രസീലില്‍ സര്‍ക്കാര്‍ പൊതു ഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ മാസങ്ങളോളമായി ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

We use cookies to give you the best possible experience. Learn more