| Saturday, 30th July 2022, 6:59 pm

ആവിക്കല്‍തോടില്‍ എം.എല്‍.എ പങ്കെടുത്ത ജനസഭക്കിടെ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭം നടക്കുന്ന ആവിക്കല്‍തോടില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനസഭക്കിടെ സംഘര്‍ഷം. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പങ്കെടുത്ത യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്നാണ് സമരസമിതിക്കാര്‍ ആരോപിക്കുന്നത്. ജനസഭ തുടങ്ങുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ ഭരണസമിതിക്ക് താല്‍പര്യമുള്ള ആളുകളെ ഹാളില്‍ കുത്തിനിറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.

തങ്ങള്‍ പരിപാടിയിലേക്ക് ചോദ്യങ്ങള്‍ എഴുതിക്കൊണ്ടുവന്നതാണെന്നും എന്നാല്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ അനുവദിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ എം.എല്‍.എയെ തടഞ്ഞുവെക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസുകാര്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം മര്‍ദിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

എന്നാല്‍ ആവിക്കല്‍തോട് മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടല്ല ജനസഭ വിളിച്ചുചേര്‍ത്തതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. തന്നെ സംസാരിക്കാന്‍ പോലും പ്രദേശവാസികള്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ആവിക്കല്‍ തോട്ടിലെ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ വലിയ പ്രതിഷേധമാണ് മാസങ്ങളായി ഉയരുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുനിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം. വിഷയത്തില്‍ ജനകീയ ഹര്‍ത്താല്‍ വരെ ആവിക്കല്‍തോടിലും പരിസര വാര്‍ഡുകളിലുമായി നടന്നു. എന്നാല്‍, എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.

കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളില്‍ ഒന്നായ വെള്ളയില്‍ ഹാര്‍ബറിന് സമീപത്താണ് ആവിക്കല്‍തോട്. ഇവിടെയാണ് കോര്‍പറേഷന്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ച സ്ഥലത്തിനോട് ചേര്‍ന്ന് ഒരു തോട് ഒഴുകുന്നുണ്ട് കടലിലേക്കാണ് ഈ തോട് ഒഴുകിയെത്തുന്നത്.

നിലവില്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള വെള്ളം ഈ തോടിലുടെ ഒഴുകുന്നുണ്ട്, മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ അവിടെ നിന്നുള്ള രാസവസ്തുക്കളും പ്ലാന്റില്‍ നിന്നുള്ള വേസ്റ്റും ഈ തോട്ടിലെ വെള്ളത്തില്‍ കലരുമെന്നും അത് ഒഴുകി കടലില്‍ എത്തുമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.

Content Highlight: Protest happened in avikkalthodu against sewage treatment plant and MLA

We use cookies to give you the best possible experience. Learn more