ആവിക്കലില്‍ വീണ്ടും പ്രതിഷേധം; ജനസഭ യോഗം നാട്ടുകാര്‍ തടസ്സപ്പെടുത്തി, പൊലീസ് ലാത്തി വീശി
Kerala News
ആവിക്കലില്‍ വീണ്ടും പ്രതിഷേധം; ജനസഭ യോഗം നാട്ടുകാര്‍ തടസ്സപ്പെടുത്തി, പൊലീസ് ലാത്തി വീശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 4:45 pm

കോഴിക്കോട്: ആവിക്കലില്‍ ജനസഭക്കിടെ വീണ്ടും പ്രതിഷേധം. കോര്‍പറേഷന്റെ ജനസഭ യോഗം നാട്ടുകാര്‍ തടസ്സപ്പെടുത്തി. പൊലീസ് ലാത്തി വീശുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തങ്ങളെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധം നടന്നത്.

ആവിക്കല്‍തോടിന് സമീപം കോര്‍പറേഷന്‍ നിര്‍മിക്കാന്‍ പോകുന്ന മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പങ്കെടുത്ത ജനസഭ യോഗത്തിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം നടന്നിരുന്നു.

സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം എം.എല്‍.എക്കെതിരെ പ്രതിഷേധിച്ചത്. വാര്‍ഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്നാണ് സമരസമിതിക്കാര്‍ ആരോപിച്ചത്. ജനസഭ തുടങ്ങുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ ഭരണസമിതിക്ക് താല്‍പര്യമുള്ള ആളുകളെ ഹാളില്‍ കുത്തിനിറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ എം.എല്‍.എയെ തടഞ്ഞുവെക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ആവിക്കലിലും സമീപ പ്രദേശങ്ങളിലും മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുനിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം. വിഷയത്തില്‍ ജനകീയ ഹര്‍ത്താല്‍ വരെ ആവിക്കല്‍തോടിലും പരിസര വാര്‍ഡുകളിലുമായി നടന്നു. എന്നാല്‍, എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം

കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളില്‍ ഒന്നായ വെള്ളയില്‍ ഹാര്‍ബറിന് സമീപത്താണ് ആവിക്കല്‍തോട്. ഇവിടെയാണ് കോര്‍പറേഷന്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ച സ്ഥലത്തിനോട് ചേര്‍ന്ന് ഒരു തോട് ഒഴുകുന്നുണ്ട് കടലിലേക്കാണ് ഈ തോട് ഒഴുകിയെത്തുന്നത്.

നിലവില്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള വെള്ളം ഈ തോടിലൂടെ ഒഴുകുന്നുണ്ട്, മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ അവിടെ നിന്നുള്ള രാസവസ്തുക്കളും പ്ലാന്റില്‍ നിന്നുള്ള വേസ്റ്റും ഈ തോട്ടിലെ വെള്ളത്തില്‍ കലരുമെന്നും അത് ഒഴുകി കടലില്‍ എത്തുമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.

Content Highlight: Protest happened again in avikkal thodu against sewage treatment plant