ഹൈദരാബാദ്: ബി.ജെ.പി എം.എല്‍.എ രാജ സിങ്ങിന്റെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍ വ്യാപക പ്രതിഷേധം. മുസ്‌ലിം സംഘടനകള്‍ ചാര്‍മിനാറിന് മുന്നില്‍ നടത്തിയ പ്രക്ഷോഭമാണ് അക്രമാസക്തമായത്. പൊലീസ് ജീപ്പ് തല്ലി തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
യൂട്യൂബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തി അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിന് ഇന്നലെ രാത്രിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പുറത്തിറങ്ങിയ രാജ സിങ്ങിന് വന്‍ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്.
പിന്നാലെ ചാര്‍മിനാറിന് മുന്നിലേക്ക് മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായതായും പൊലീസ് ജീപ്പുകള്‍ അക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ചാര്‍മിനാറിലേക്കുള്ള വഴിയില്‍ മുസ്‌ലിം സംഘടനകള്‍ കറുത്ത കൊടി കുത്തി പ്രതിഷേധം അറിയിച്ചിരുന്നു. രാജ സിങ്ങിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിലവില്‍ പ്രതിഷേധം.
അതേസമയം വിവാദ പരാമര്‍ശം നടത്തിയ രാജ സിങ്ങിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
വിഷയത്തില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും പാര്‍ട്ടി ഇദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയതെന്നും ഇതിനാലാണ് സസ്പെന്‍ഷനെന്നും പാര്‍ട്ടിയുടെ കേന്ദ്ര അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പതക് പറഞ്ഞു.
അതേസമയം രാജ സിങ് പ്രവാചക നിന്ദ നടത്തിയ സംഭവം നുപുര്‍ ശര്‍മ കേസിന് സമാനമാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
രാജ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
രാജ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ മണ്ഡലം ചാമ്പലാക്കുമെന്നായിരുന്നു തെലങ്കാന കോണ്‍ഗ്രസ് നേതാവ് റാഷിദ് ഖാന്റെ പ്രതികരണം. റാഷിദ് ഖാന്റെ പരാമര്‍ശത്തിന് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
മുമ്പ് ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മയും ഇത്തരത്തില്‍ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്നീട് പാര്‍ട്ടി ഇവരെ പുറത്താക്കുകയായിരുന്നു.
മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത്. മുസ്‌ലിങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും നുപുര്‍ ആരോപിച്ചു.
Content Highlight: protest getting worse in hyderabad amid ongoing controiversial remarks against prophet muhammed