| Sunday, 22nd July 2018, 8:17 pm

എസ്. ഹരീഷിന്റെ 'മീശ'; ഹിന്ദുത്വവാദികളുടെ ഭീഷണികള്‍ക്കെതിരെ ഐ.ഡി.എസ്.എഫ്.എഫ്.കെ വേദിയിലും പ്രതിഷേധ കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്. ഹരീഷിന്റെ നോവല്‍ മീശക്കെതിരെ ഉയര്‍ന്ന ഹിന്ദുത്വവാദികളുടെ ഭീഷണികള്‍ക്കെതിരെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയിലും പ്രതിഷേധ കൂട്ടായ്മ. ഭീഷണിയെ തുടര്‍ന്ന എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു.

എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും നേരെ നടുക്കുന്ന സംഘപരിവാര്‍ സംഘടനകളുടെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരം കൈരളി തിയറ്ററിനു മുന്‍പില്‍ വെച്ച് പ്രതിഷേധയോഗം നടന്നത്. എസ്. ഹരീഷിനെ നേരെയുണ്ടായ സംഘപരിവാര്‍ ഭീഷണികള്‍ക്കുനേരെ യോഗത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു.


ALSO READ ഗീതയെ കുറിച്ച് എഴുതിയതിന് പ്രഭാവര്‍മ്മയ്‌ക്കെതിരെ ഭീഷണി; സംഘപരിവാറിന്റെ ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതിയെന്ന് പ്രഭാവര്‍മ്മ


വിഖ്യാത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര സംവിധായകയുമായ കവിത ലങ്കേഷ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഹിന്ദുത്വവാദികളുടെ ഭീഷണികള്‍ക്കുനേരെ കടുത്ത ഭാഷയിലാണ് ഇരുവരും നിലപാടുകള്‍ വ്യക്തമാക്കിയത്.

എം.എ ബേബി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കവിയും ഗാനരചിയതാവുമായ അന്‍വര്‍ അലി എന്നിവരും പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിച്ചു. കൈരളി തിയറ്ററിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.


ALSO READ മീശ നിരോധിച്ചത് വര്‍ഗ്ഗീയ വിഷം തീണ്ടിയ അക്രമാസക്തരായ ആള്‍ക്കൂട്ടമാണ്


എസ്. ഹരീഷിനു പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുകളുമായാണ് ജനങ്ങള്‍ എത്തിയത്. ഹിന്ദുത്വ ഫാസിസം തുലയട്ടെയെന്നും സര്‍ഗാത്മകതയ്ക്കും സ്വാതന്ത്രത്തിനുമെതിരെയുള്ള ഭീഷണികളില്‍ പ്രതിഷേധിക്കുന്നുവെന്നും പോസ്റ്ററുകളിലൂടെ പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളില്‍ നിന്നും കടുത്ത ഭീഷണികളുയര്‍ന്നിരുന്നു. വീട്ടുകാരെ വരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് നോവല്‍ പിന്‍വലിച്ചത്.


ALSO READ “മീശ” പിന്‍വലിച്ചത് കേരളത്തിന് ഏറ്റവും വലിയ നാണക്കേട്; കഥാകൃത്തിന്റെ ജീവനെടുക്കാന്‍ നില്‍ക്കുന്നവര്‍ സമൂഹത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്: രമേശ് ചെന്നിത്തല


രാഷ്ട്രീയ – സാമൂഹ്യ – സാഹിത്യ രംഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് എസ്. ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഫോട്ടോ കടപ്പാട് – എസ്. ആര്‍ പ്രവീണ്‍

We use cookies to give you the best possible experience. Learn more