തമിഴ്‌നാട്ടില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് അക്രമം: സി.പി.ഐ.എം സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍
Daily News
തമിഴ്‌നാട്ടില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് അക്രമം: സി.പി.ഐ.എം സി.പി.ഐ നേതാക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2015, 3:59 pm

Liquorചെന്നൈ: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളും മറ്റ് പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ നടത്തിയ ബന്ദ് അക്രമാസക്തമായി. തിങ്കളാഴ്ച്ച രാത്രിമുതല്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യനിരോധനസമരത്തിന് നേതൃത്വം കൊടുത്ത സി.പി.ഐ.എം, സിപി.ഐ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.

സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി.രാമകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി മത്തരശന്‍ എന്നിവരാണ് അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ദേശീയതലത്തില്‍സ മദ്യനിരോധനം കൊണ്ടുവരണമെന്നാണ് സി.പി.ഐയുടെ ആവശ്യം. എം.ഡി.എംകെ, വി.സികെ പ്രവര്‍ത്തകരും ഇതേ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. വി.സികെ നേതാവ് തിരുമാവളവനും അറസ്റ്റിലായിട്ടുണ്ട്.

മദ്യനിരോധനം എന്ന ആവശ്യമുയര്‍ത്തി ദിവസങ്ങളായി പ്രതിപക്ഷപാര്‍ട്ടികള്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇതിന്റെ ബാഗമായി ചൊവ്വാഴ്ച്ച ബന്ദ് ആചരിച്ചിരുന്നു. ഇരുപത്തെട്ട് ബസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി എറിഞ്ഞു തകര്‍ത്തത്. മധുരാന്തകരത്ത് ടാസ്മാക് കടയ്ക്ക് നേരെ ബോംബേറും ഉണ്ടായി. നിരവധി മദ്യക്കടകള്‍ക്ക് നേരംയും ആക്രമണമുണ്ടായി.

സമ്പൂര്‍ണ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പിലാക്കും വരെ സമരപരിപാടികള്‍ തുടരും എന്നും  സമരത്തില്‍ പങ്കെടുക്കുന്ന വിവിധ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനെതിരെ സംസ്ഥാനത്ത് മദ്യനിരോധനമല്ല മദ്യ വര്‍ജ്ജനമാണ് ആവശ്യമെന്ന മുദ്രാവാക്യമുയര്‍ത്തിയ സി.പി.ഐ.എമ്മും സി.പി.ഐയുമാണ് തമിഴ്‌നാട്ടില്‍ മദ്യനിരോധനത്തിന് വേണ്ടി സമരം ചെയ്യുന്നത്.