വലിയ തുക വാങ്ങി നിലവാരം കുറഞ്ഞ കോസ്റ്റ്യൂം, പ്രതിഷേധം; കോഴിക്കോട് ഫാഷന്‍ ഷോ നിര്‍ത്തിവെപ്പിച്ച് പൊലീസ്
Kerala News
വലിയ തുക വാങ്ങി നിലവാരം കുറഞ്ഞ കോസ്റ്റ്യൂം, പ്രതിഷേധം; കോഴിക്കോട് ഫാഷന്‍ ഷോ നിര്‍ത്തിവെപ്പിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2023, 11:49 pm

കോഴിക്കോട്: സരോവരം ട്രേഡ് സെന്ററില്‍ ഫാഷന്‍ ഷോയ്ക്കിടെ പ്രതിഷേധം. കോസ്റ്റ്യൂമിന് നിലവാരമില്ലെന്നടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധിച്ചത്. പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു.

ഫാഷന്‍ റൈസ് എന്ന പേരിലായിരുന്നു പരിപാടി സംഘടപ്പിച്ചിരുന്നത്. സമാപന ദിവസമായ ഞായറാഴ്ച ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും എന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്‍ട്രി ഫീസായി 6,000 രൂപയാണ് പങ്കെടുക്കാനെത്തിയവരില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മതിയായ സൗകര്യം സംഘാടകര്‍ ഒരുക്കിയല്ലെന്ന് പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു.

ഫുട്പാത്തില്‍ വില്‍ക്കുന്ന വില കുറഞ്ഞ വസ്ത്രമാണ് നല്‍കിയതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 300 കുട്ടികള്‍ ഉള്‍പ്പെടെ 900ല്‍ ആധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

പ്രതിഷേധം കനത്തതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരന്നു. ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഗ്ദാനം ചെയ്ത സൗകര്യം നല്‍കാത്തതെന്ന പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണെന്നുമാണ് സംഘാടകരുടെ വിശദീകരണം.


Content Highlight: Protest during fashion show at Calicut Sarovaram Trade Centre