ന്യൂദല്‍ഹി: രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രവേശിച്ച് യുവാക്കള്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെ ആദ്യം അഞ്ച് പ്രതിപക്ഷ എം.പിമാരെയാണ് ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
കേരളത്തില്‍ നിന്നുമുള്ള യു.ഡി.എഫ് എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എം.പി ജ്യോതി മണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. പിന്നാലെ ബെന്നി ബെഹ്നാന്‍, വി.കെ. ശ്രീകണ്ഠന്‍, കനിമൊഴി, മുഹമ്മദ് ജാവേദ്, പി.ആര്‍. നടരാജന്‍, കെ. സുബ്രഹ്‌മണ്യം, എസ്.ആര്‍. പാർത്ഥിബൻ, എസ്. വെങ്കിടേശന്‍, മാണിക്യം ടാഗോര്‍ എന്നിവരേയും സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു.
പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കണം, അക്രമികള്‍ക്ക് പാസ് നല്‍കിയ എം.പിയെ സസ്‌പെന്‍ഡ് ചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എം.പിമാര്‍ ലോക്‌സഭയില്‍ ബഹളം വെച്ചത്.
ഇതേ വിഷയം രാവിലെ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിഷേധിച്ച തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്പീക്കറുടെ ചെയറിനടുത്തെത്തി പ്രതിഷേധിച്ചതിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറിക് ഒബ്രിയാനെ ഈ സഭാകാലവധി കഴിയുന്നത് വരെ സസ്പെന്റ് ചെയ്തത്.
ഇരു സഭകളിലും ഇന്ന് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ലോകസഭയുടെ നാഥന്‍ താനാണെന്നും താന്‍ ഇന്നലെ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചതാണെന്നും പറഞ്ഞ് ലോക്‌സഭ സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.
ലോക്‌സഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും എം.പിമാര്‍ക്കിടയിലേക്ക് ചാടി പ്രതിഷേധിച്ച സംഭവത്തില്‍ സുരക്ഷ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ എം.പിമാരുടെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. സ്പീക്കറുടെ ചെയറിനടുത്തെത്തി പ്രതിഷേധിച്ച ഡെറിക് ഒബ്രിയാനോട് സഭയില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട് സഭ തത്കാലത്തേക്ക് പിരിയുകയും പിന്നീട് സഭ ചേര്‍ന്ന ഉടന്‍ തന്നെ ഡെറിക് ഒബ്രിയാനെ സസ്പെന്റ് ചെയ്യുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
Content Highlight: Protest demanding Amit Shah’s reply; Suspension of four MPs from Kerala