മാലിന്യപ്രശ്‌നത്തില്‍ ശാശ്വത തീരുമാനമാകാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും പാലത്തിലെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ കൂടെ ഒഴുകാന്‍ തയ്യാറായി പ്രവര്‍ത്തകര്‍ പുഴയില്‍ തന്നെ തുടരുകയാണെന്നും സമരസമിതി നേതാവ് പുരുഷന്‍ ഏലൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഏലൂര്‍: എലൂരില്‍ പാതാളം ബണ്ട് തുറന്നുവിട്ട് കൊച്ചികായലിലേക്ക് മാലിന്യം ഒഴുക്കിവിടാനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധം തുടരുന്നു. ബണ്ട് തുറക്കുന്നതിനെതിരെ ഒരു ദിവസത്തിലധികമായി പുഴയിലിറങ്ങി നില്‍ക്കുന്ന ഏഴു സമരസമിതി പ്രവര്‍ത്തകര്‍ പുഴയില്‍ തന്നെ തുടരുകയാണ്.
ഇന്നലെ ബണ്ട് തുറക്കാന്‍ പൊലീസിനെ കൂട്ടി അധികൃതരെത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു.
മാലിന്യപ്രശ്‌നത്തില്‍ ശാശ്വത തീരുമാനമാകാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും പാലത്തിലെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ കൂടെ ഒഴുകാന്‍ തയ്യാറായി പ്രവര്‍ത്തകര്‍ പുഴയില്‍ തന്നെ തുടരുകയാണെന്നും സമരസമിതി നേതാവ് പുരുഷന്‍ ഏലൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സമരസമിതി പ്രവര്‍ത്തകരായ ഷബീര്‍, സാജന്‍ മലയില്‍, ഇക്ബാല്‍, മഹേഷ് കുമാര്‍, കുഞ്ഞുമോന്‍ (മൊയ്തീന്‍ കുഞ്ഞ്) സല്‍മാന്‍ എന്നിവരാണ് പാലത്തിന് താഴെയായി നില്‍ക്കുന്നതെന്നും പാലത്തിന് മുകളില്‍ സമരസമിതി പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ടെന്നും പുരുഷന്‍ ഏലൂര്‍ പറഞ്ഞു. ബണ്ടിന് മുകളില്‍ ഉപ്പു കയറിയെന്ന് പറയുന്നത് ഫാക്ടറികളെ സഹായിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുമായി ഇന്നു ചര്‍ച്ച നടന്നെങ്കിലും വലിയ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. പ്രശ്‌നം പഠിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയമിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പ്, ഫാക്ടറി ആന്‍ഡ് ബോയിലേഴ്‌സ്, സി.ഡബ്ല്യൂ.ആര്‍.ഡി.എം, മലിനീകരണ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും സമരസമിതി നിര്‍ദേശിക്കുന്ന കുസാറ്റിലെ ഒരു ശാസ്ത്രജ്ഞനെയും ഉള്‍പ്പെടുത്തിയായിരിക്കും സമിതി.
ഇന്ന് വൈകീട്ട് ഡെപ്യൂട്ടി കളക്ടറും നാളെ കളക്ടറും സ്ഥലം സന്ദര്‍ശിക്കും. പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും പുരുഷന്‍ ഏലൂര്‍ പറഞ്ഞു.
പാതാളം ബണ്ടിന്റെ ഷട്ടര്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പുഴയില്‍ മുങ്ങിക്കിടന്നു കൊണ്ടാണ് സമരം നടത്തുന്നത്. ഷട്ടര്‍ തുറന്നാല്‍ തങ്ങളും അതോടൊപ്പം ഒഴുകും എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ബണ്ടിന് മുകളില്‍ ഉപ്പു കയറിയെന്ന് തെറ്റായ പ്രചരണം നടത്തി ബണ്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുകയും കെട്ടിക്കിടക്കുന്ന വ്യവസായ മാലിന്യങ്ങള്‍ കൊച്ചിക്കായലിലേക്ക് ഒഴുക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും വ്യവസായ മാലിന്യങ്ങള്‍ മൂലം പുഴ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കറുത്തിരിക്കുകയാണെന്നും ഇത് ജില്ലാ കളക്ടറോ ഭരണാധികാരികളോ ഗൗനിക്കുന്നില്ലെന്നും സമര സമിതി പറയുന്നു.
വരള്‍ച്ച അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയുടെ മുഖ്യ ജലസ്രോതസുകളിലൊന്നായ ബണ്ട് തുറക്കുന്നതും മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നതുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു
ബണ്ടിന് മുകളില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ ബി.പി.സി.എല്‍ പ്ലാന്റിലേക്ക് പെരിയാറിന്റെ ഇടമുള കൈവഴിയില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് കെട്ടിനില്‍ക്കുന്ന വെള്ളം ഷട്ടര്‍ തുറന്നൊഴുക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഉപ്പ് കയറി എന്നത് യഥാര്‍ത്ഥ്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാ ഫലം വ്യക്തമാക്കുന്നതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പരിശോധനാ ഫലം പ്രകാരം ബണ്ടില്‍ 120 മി.ലി/ലിറ്റര്‍ മുതല്‍ 130 മില്ലിഗ്രാം/ലിറ്റര്‍ വരെ ക്ലോറൈഡാണ് ഉള്ളത്. പെരിയാറിലെ പാതാളം പാലത്തിന് മുകളിലെ ഭാഗം ഇ ക്ലാസാണ്, അതിനാല്‍ 600 മി.ലി/ലിറ്റര്‍ വരെ അനുവദനീയമാണ്.
Also read: തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഷ്ട്രപതിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിഭവന്റെ കത്ത്