പ്ലക്കാര്‍ഡുകളും ഇന്ത്യയുടെ ദേശിയപതാകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ട് തന്നെ വന്‍സുരക്ഷ ഒരുക്കിയിരുന്ന പ്രദേശത്തേക്കാണ് പ്രതിഷേധവുമായി സംഘമെത്തിയത്.
പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അതുപോലെത്തന്നെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും കടത്തിവിടാറില്ല.
പക്ഷേ, അപ്രതീക്ഷിതമായി ഇരുപതോളം വരുന്ന ഒരുസംഘം യുവതീയുവാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇന്ത്യയെ ലൈംഗികാക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുക, ലൈംഗികാക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സമയബന്ധിതമായി ഉചിതമായ ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദല്‍ഹിയില്‍ വിവിധതരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നുവരുന്നുണ്ട്. പക്ഷേ നിര്‍ഭയ കേസിനു ശേഷം നടന്ന പ്രതിഷേധത്തിന് ശേഷം ആദ്യമായാണ് അതീവ സുരക്ഷ മേഖലയിലേക്ക് പ്രതിഷേധം എത്തുന്നത്. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ്‌ചെയ്തു മാറ്റി.
തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ കൂട്ട ലൈംഗികാക്രമണത്തിനിരയാക്കി കൊലപ്പെടുത്തി ദിവസങ്ങള്‍ കഴിയുന്നതിനു മുന്നേ ഇന്ന് ഉന്നോവയില്‍ ലൈംഗികാക്രമണം അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം നടന്നിരുന്നു.