| Sunday, 26th July 2020, 7:14 pm

'ഈ ചാനലുകാരൊന്നും കാണില്ല; ഞാനേ കാണൂ നിങ്ങളുടെ കൂടെ'; മുട്ടമ്പലത്ത് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാരോട് പ്രതിഷേധം തുടരാനാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍. നഗരസഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്.

ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്ന് നടത്തന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറാണ്.

ജനങ്ങളോട് എഴുന്നേറ്റ് പോകരുതെന്നും എം.എല്‍.എ കൂടി വന്ന ശേഷം ചര്‍ച്ച ചെയ്യാമെന്നും കൗണ്‍സിലര്‍ നാട്ടുകാരോട് പറയുന്നുണ്ട്. ചാനലുകാരൊന്നും കാണില്ല. ഞാനും നിങ്ങളും മാത്രമേ കാണൂ. ആരോഗ്യമാണ് വലുത് തുടങ്ങിയ കാര്യങ്ങളും കൗണ്‍സിലര്‍ നാട്ടുകാരോട് പറയുന്നുണ്ട്. സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

‘ഈ പറയുന്ന ചാനലുകാരൊന്നും കാണില്ല, ഞാനും നിങ്ങളും മാത്രമേ കാണൂ. നിങ്ങള്‍ വെറുതെ ബഹളം വെച്ചിട്ട് കാര്യമില്ല. ചേട്ടനെവിടെയായിരുന്നു ഇത്രയും നേരം? ഇവരുടെ കൂടെ ഞാനേ ഉണ്ടായിരുന്നുള്ളു ഇത്രയും നേരം. ആളുകള്‍ ഉറങ്ങിയതിന് ശേഷം ഈ ഒരു മൃതദേഹം മാത്രം സംസ്‌കരിക്കാനുള്ള ശ്രമമാണ് പ്രശ്‌നത്തിന് കാരണമായത്,’ കൗണ്‍സിലര്‍ പറയുന്നു.

കൗണ്‍സിലറോട് പ്രതികരിക്കുന്ന നാട്ടുകാരോട് ഇരിക്കാനും അവരോട് ചര്‍ച്ച ചെയ്യാനാണ് താന്‍ വന്നതെന്നും കൗണ്‍സിലര്‍ പറയുന്നുണ്ട്. എം.എല്‍.എ ഉടന്‍ വരുമെന്നും തുടര്‍ന്ന് തീരുമാനമെടുക്കാമെന്നും വീഡിയോയില്‍ കൗണ്‍സിലര്‍ പറയുന്നുണ്ട്.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.

നേരത്തെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്ന് കാണിച്ച് പള്ളി അധികാരികള്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഇത് നഗര പ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more