World News
"നമ്മുടെ കോഡിങ് കുട്ടികളെ കൊല്ലുന്നുണ്ടോ?" ഇസ്രഈല്‍ സൈന്യത്തിന് എ.ഐ സേവനം നല്‍കുന്നതില്‍ മൈക്രോസോഫ്റ്റില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 02:46 am
Thursday, 27th February 2025, 8:16 am

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യത്തിന് ഗസയിലും ലെബനനിലും ആക്രമണം നടത്താന്‍ മൈക്രോസോഫ്റ്റ് എ.ഐ. സേവനങ്ങള്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ മൈക്രോസോഫ്റ്റില്‍ തൊഴിലാളികളുടെ പ്രതിഷേധം. ഇസ്രഈല്‍ സൈന്യത്തിന് തുടര്‍ന്നും എ.ഐ, ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നതിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച വാഷിങ്ടണിലെ മൈക്രോസോഫ്റ്റ് ക്യാംപസില്‍ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴച മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ലെ സംസാരിക്കുന്നതിനിടയില്‍ അഞ്ച് ജീവനക്കാര്‍ ‘നമ്മുടെ കോഡുകള്‍ കുട്ടികളെ കൊല്ലുന്നുണ്ടോ സത്യ’ എന്ന് ആലേഖനം ചെയ്ത ടി ഷര്‍ട്ടുകള്‍ ധരിച്ച് പ്രതിഷേധിച്ചിരുന്നു.

മൈക്രോസോഫ്റ്റിന്റെ പുതിയ പ്രൊഡക്റ്റുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തിന്റെ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ സുരക്ഷ ജീവനക്കാര്‍ പുറത്താക്കുകയും ചെയ്തു.

ഗസയിലെയും ലെബനനിലെയും ബോംബിങ്ങിന് ലക്ഷ്യങ്ങള്‍ കണ്ടെത്താനായി ഇസ്രഈല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ എ.ഐ. സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്.

അതേസമയം, പ്രതിഷേധക്കാരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തങ്ങള്‍ മറ്റു വഴികള്‍ തേടുമെന്നും ബിസിനസിനെ ബാധിക്കാതെ, തടസപ്പെടുത്താതെ പ്രതിഷേധിക്കണമെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞതായി വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിസിനസിനെ തടസപ്പെടുത്തിയതിനാലാണ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയതെന്നും തങ്ങളുടെ ബിസിനസിന്റെ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്താന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പ്രതിഷേധിച്ച ജീവനക്കാര്‍ നടപടി നേരിടേണ്ടി വരുമോ എന്ന കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. നേരത്തെ 2024 ഒക്ടോബറില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റിന്റെ ക്യാംപസില്‍ ഒരു പരിപാടി സംഘടിപ്പിച്ചത് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

content highlights: Protest at Microsoft for providing AI services to the Israeli army