| Monday, 3rd September 2018, 11:46 pm

ഐ.സി.യുവില്‍ നിന്ന് ഹനാനൊപ്പം ഫെയ്‌സ്ബുക് ലൈവ്; യുവാവിനെതിരെ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ ഹനാനൊപ്പം ഫെയ്‌സ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് പ്രതിഷേധം. സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്നു കണ്ടെത്തിയിട്ടുണ്ട്.

കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്റെ വാഹനം രാവിലെയായിരുന്നു അപകടത്തില്‍പ്പെട്ടത്. ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് ടൂവീലര്‍ വര്‍ക്ക്ഷോപ്പിന് എതിര്‍വശത്ത് വച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.


Read Also : ബാബരി മസ്ജിദ് മുതല്‍ ആധാര്‍ വരെ: വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിധിപറയാനുള്ളത് സുപ്രധാന കേസുകളില്‍


ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ഐ ടെന്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹാനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് നല്‍കിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്.

തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളില്‍ കാണാം. പ്രാഥമിക ചികില്‍സ നടക്കുന്നതിനിടയിലാണ് ഇയാള്‍ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. ഈ വാര്‍ത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ഈ ക്രൂരമായ ഫേസ്ബുക്ക് ലൈവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തകമായിരിക്കുകയാണ്.

അതേസമയം അപകടത്തില്‍പ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹാനാന്റെ ചികില്‍സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ് ഇക്കാര്യം അറിയിച്ചു.

We use cookies to give you the best possible experience. Learn more