ഇത് ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്; പരിസ്ഥിതി ആഘാത പഠന കരടു വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തം
Environment
ഇത് ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്; പരിസ്ഥിതി ആഘാത പഠന കരടു വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തം
ഗോപിക
Thursday, 6th August 2020, 3:51 pm

2020 മാര്‍ച്ച് 23 നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പാരിസ്ഥിതികാഘാത നിര്‍ണ്ണയ വിജ്ഞാപനം അഥവാ ഇ.ഐ.എ- 2020 പുറത്തിറക്കിയത്. ഈ വിജ്ഞാപനം പ്രകാരം രാജ്യത്തെ റോഡ് നിര്‍മ്മാണം, ഖനനം, ഫാക്ടറികള്‍ എന്നിവയുള്‍പ്പടെയുള്ള എല്ലാ പുതിയ പദ്ധതികള്‍ക്കും പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാണ്.

എന്നാല്‍ വിജ്ഞാപനം വന്നതുമുതല്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമാണ് വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട മൂല്യങ്ങളെ അവഗണിക്കുന്നുവെന്നത്. അതുപോലെത്തന്നെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യുന്നുവെന്നും വിമര്‍ശനമുണ്ട്.

1986 ലെ പരിസ്ഥിതി സംരക്ഷണനിയമ പ്രകാരം ‘പരിസ്ഥിതിയുടെ ഗുണനിലവാരം പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, പരിസ്ഥിതി മലിനീകരണം തടയുന്നതിനും, കുറയ്ക്കുന്നതിനും, നിയന്ത്രിക്കുന്നതിനും” ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വ്യവസായ- വികസനപദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നത്.

2006 -ല്‍ ഇതുസംബന്ധിച്ച് അവസാനമിറക്കിയ വിജ്ഞാപനത്തിനു മാറ്റം വരുത്തിയാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് പാരിസ്ഥിതിക ആഘാതപഠനത്തിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന കരടു വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഈ വിജ്ഞാപനം പ്രകാരം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കനുസരിച്ച് പദ്ധതികളെ വര്‍ഗ്ഗീകരിച്ചിട്ടുണ്ട്. എന്നാല്‍ വികസ പദ്ധതികളുടെ ശേഷി, അവയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി എന്നിവയെപ്പറ്റി യാതൊന്നും വ്യക്തമാക്കുന്നില്ല. പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാക്കേണ്ട പദ്ധതികളുടെ എണ്ണവും ഗണ്യമായി കുറച്ചിരിക്കുന്നു. പദ്ധതി നടത്തിപ്പുകാര്‍ വര്‍ഷത്തില്‍ രണ്ട് തവണ സമര്‍പ്പിക്കേണ്ടിയിരുന്ന റിപ്പോര്‍ട്ട് ഒരു തവണ എന്ന രീതിയിലാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക അനുമതി പരിസ്ഥിതി നിയമങ്ങളില്‍ അനിയോജ്യമല്ലാത്തതും മുന്‍കരുതല്‍ സുസ്ഥിര വികസന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീം കോടതി വരെ പ്രസ്താവിച്ചിരുന്നു.

വിജ്ഞാപനത്തിലെ മറ്റൊരു പ്രധാന വസ്തുത പല പദ്ധതികളെയും നയതന്ത്ര പദ്ധതികള്‍ എന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധം രാജ്യസുരക്ഷ, തുടങ്ങിയ മേഖലകളിലെ പദ്ധതികളാണിവ. എന്നാല്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനത്തില്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ഈ അവകാശത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള വിജ്ഞാപനം റിയോ-ഡി-ജനീറോ കരാറിന്റെ ലംഘനമാണെന്നും വിമര്‍ശനമുണ്ട്.

‘ഇന്ത്യ മുഴുവന്‍ കുത്തകകള്‍ക്കും ഖനനമാഫിയകള്‍ക്കും വിട്ടുകൊടുക്കുന്നതിന് തുല്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിജ്ഞാപനം. രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ. മുമ്പ് ജനങ്ങളുടെ സമ്മതത്തോടെ നടന്നിരുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി ഏകപക്ഷീയമായി ചെയ്യാന്‍ സാധിക്കും. വന്‍കിട ഫാക്ടറികള്‍ എവിടെ സ്ഥാപിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ജനങ്ങളുടെ അഭിപ്രായത്തിന് യാതൊരു വിലയുമുണ്ടാകില്ല. പ്രധാനമായും സര്‍ക്കാര്‍ ഈ വിജ്ഞാപനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത് നമ്മുടെ വനങ്ങളെയാണ്. രാജ്യത്തെ വനങ്ങളുമായി ബന്ധപ്പെട്ടുള്ള ഖനനം നിര്‍ബാധം തുടരാന്‍ വേണ്ടി തന്നെയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. 1984 ല്‍ ഭോപ്പാല്‍ ദുരന്തത്തിന് ശേഷമാണ് വന്‍കിട പദ്ധതികള്‍ സ്ഥാപിക്കുമ്പോള്‍ അവയ്ക്ക് പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാക്കണമെന്നാവശ്യം മുന്നോട്ട് വെച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയില്‍ ഓര്‍ഡിനന്‍സ് ഭരണാണ് നടക്കുന്നത്. പാര്‍ലമെന്റ് അഭിപ്രായങ്ങള്‍ ഒഴിവാക്കി ഒരു തരം ചങ്ങാത്ത മുതലാളിത്തമാണ് സര്‍ക്കാര്‍ ഈ വിജ്ഞാപനത്തിലൂടെ തെളിയിക്കുന്നത്. ഈ വിഷയത്തില്‍ പറയാനുള്ള ഒരേയൊരു കാര്യം വിജ്ഞാപനത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണം എന്നു തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിന്റെ സ്ഥിതിയും ആശങ്കയിലാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. വികസിത രാജ്യങ്ങള്‍ പുറന്തള്ളിയ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കേരളത്തിലും ചുവടുപിടിക്കുകയാണ്. നിയമത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും ചെയ്യാതെ നടപ്പാക്കാനുള്ള തീരുമാനം എറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏറ്റവും വിഷമകരമായ കാര്യം കേരളത്തില്‍ ഒരു മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വന്നിട്ടില്ല. നിയമത്തിന്റെ ഇത്തരം പഴുതുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കാര്യമായ അവബോധമുണ്ടാക്കാന്‍ കഴിയാതെ പോയതും ഇതുകൊണ്ടാണ്’- പെരിയാര്‍ സമരത്തിന്റെ മുന്‍നിര നേതാക്കളിലൊരാളും പരിസ്ഥിതി പ്രവര്‍ത്തകനുമായ പുരുഷന്‍ ഏലൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വിജ്ഞാപനത്തിലെ മറ്റൊരു പ്രധാന വസ്തുത കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഈ വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ജനങ്ങളിലേക്ക് ഇവ എത്തിയിട്ടുമില്ല. പരിസ്ഥിതി സൗഹാര്‍ദ്ദമല്ലാത്ത വ്യവസായങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണെന്ന് ഈയടുത്ത് തന്നെ വിശാഖപട്ടണത്ത് നടന്ന വാതകചോര്‍ച്ച തെളിയിക്കുന്നു. ഒന്നിനു പിറകേ ഒന്നായി പ്രളയവും മണ്ണിടിച്ചിലും നിരന്തരം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടത്തില്‍ വന്‍ തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സ്വാഭാവിക ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

അതേസമയം സര്‍ക്കാര്‍ പുറത്തിറക്കിയ ഈ വിജ്ഞാപനത്തിലെ സ്വീകാര്യമല്ലാത്ത ഭാഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സമയപരിധി കോടതി ഇടപെട്ട് ആഗസ്റ്റ് 11 വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രസ്തുത വിജ്ഞാപനത്തെ പറ്റി പൊതുജനം അവബോധരല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


environmental impact assessment notification union government kerala

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.