| Wednesday, 22nd June 2016, 10:22 am

യോഗയില്‍ ഋഗ്വേദ മന്ത്രങ്ങള്‍ ; മലയാളം സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കത്തിച്ച് വിദ്യാര്‍ത്ഥി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍:  യോഗ ചെയ്യുമ്പോള്‍ ഋഗ്വേദ മന്ത്രങ്ങള്‍ ഉരുവിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധിച്ച് തിരൂര്‍ മലയാളം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ “യോഗാദിനം” ബഹിഷ്‌കരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കോമണ്‍ യോഗ പ്രോട്ടോക്കോള്‍ എന്ന പേരില്‍ ആയുഷ് മന്ത്രാലയം സ്‌കൂളുകളും കോളജുകള്‍ക്കും നല്‍കിയ സര്‍ക്കുലര്‍ വിദ്യാര്‍ത്ഥികള്‍ കത്തിച്ചു.  യോഗാചരണത്തിന്റെ ആരംഭത്തിലും അവസാനവും രണ്ടുമിനിറ്റ് ഋഗ്വേദത്തിലെ മന്ത്രം ഉരുവിടണമെന്നാണ് പ്രോട്ടോക്കോളില്‍ പറയുന്നത്.

യോഗ പ്രാക്ടീസ് ചെയ്യാന്‍ കോമണ്‍ പ്രോട്ടോക്കോള്‍ അനുസരിക്കണമെന്നാണ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കടക്കം സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. പ്രോട്ടോക്കോളില്‍ വേദ മന്ത്രങ്ങള്‍ക്ക് പകരം മറ്റു ഒപ്ഷനുകള്‍ നല്‍കുന്നില്ലെന്നും ഇത് യോഗയെ മതവത്കരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. യോഗ അവതരണത്തില്‍ പങ്കെടുക്കുന്നവര്‍ വേദമന്ത്രങ്ങളും ഓംകാരവും ഉരുവിടണമെന്നും നമസ്‌കാരമുദ്രയോടെയാണ് അവതരണം തുടങ്ങേണ്ടതെന്നും സര്‍ക്കുലറിലുണ്ട്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ.കെ ഷൈലജയും രംഗത്ത് വന്നിരുന്നു. യോഗ മതപരമായ ചടങ്ങല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം പരിപാടികള്‍ മതേതരമാക്കണമെന്നാണ് തന്റെ നിലപാടെന്നും മന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more