പത്തനംതിട്ട: ശബരിമല നടപ്പന്തലിലെത്തിയ സ്ത്രീക്ക് നേരെ പ്രതിഷേധം. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ലത എന്ന സ്ത്രീയ്ക്ക് നേരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
സ്ത്രീയുടെ പ്രായം സംശയിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. ഇവര്‍ കാനനപാതിലൂടെ നടപ്പന്തല്‍ വരെ എത്തിയ സമയങ്ങളില്‍ യാതൊരു വിധ ബുദ്ധിമുട്ടുകളോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ നടപ്പന്തലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് വലിയൊരു ആള്‍ക്കൂട്ടം ഇവര്‍ക്ക് സമീപം തടിച്ചുകൂടുകയും 50 വയസില്‍ താഴെയുള്ള യുവതിയാണെന്ന് പറഞ്ഞ് ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.
എന്നാല്‍ തനിക്ക് 52 വയസുണ്ടെന്ന് ഐഡന്റിന്റി കാര്‍ഡ് കാണിച്ച് വിളിച്ചുപറഞ്ഞിട്ടും പ്രതിഷേധക്കാര്‍ കേട്ടില്ല. സ്ത്രീയ്ക്ക് സമീപത്ത് നിന്ന് ആള്‍ക്കൂട്ടം പ്രതിഷേധിച്ചതോടെ പൊലീസുകാര്‍ എത്തുകയും ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയുമായിരുന്നു.
തുടര്‍ന്ന് തനിക്ക് 52 വയസുണ്ടെന്ന് ഇവര്‍ പൊലീസിനെ ബോധ്യപ്പെടുത്തുകയും കനത്ത പൊലീസ് വലയത്തില്‍ ദര്‍ശനത്തിനായി ഇവരെ പതിനെട്ടാം പടിക്ക് മുകളില്‍ എത്തിക്കുകയുമായിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പമായിരുന്നു ലത സന്നിധാനത്ത് എത്തിയത്.
രണ്ടാം തവണയാണ് താന്‍ സന്നിധാനത്ത് എത്തിയതെന്നും യുവതി പറഞ്ഞു. അന്നൊന്നും ഉണ്ടാകാതിരുന്ന പ്രതിഷേധം ഇന്നുണ്ടായതില്‍ വലിയ ആശങ്കയിലും ഭയപ്പാടിലുമാണ് ഇവര്‍.