ദിസ്പൂര്‍: അസമില്‍ ശൈശവ വിവാഹത്തിനെതിരെയുള്ള വ്യാപക അറസ്റ്റില്‍ പ്രതിഷേധം. ശൈശവ വിവാഹം ഗൗരവമേറിയ കാര്യമാണെന്നും എന്നാല്‍ സംസ്ഥാനത്തെ മുസ്‌ലിം കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്നാണ് പ്രധാന ആരോപണം.
വിഷയത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഇപ്പോഴുണ്ടാകുന്നത് പോലുള്ള നടപടി സ്വീകരിക്കുമോയെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍(APCC Presidetnt) ഭൂപന്‍ കുമാര്‍ ബോറ ചോദിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ പേരില്‍ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസ് നടപടി പ്രഹസനമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടികളെ ആര് പരിപാലിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി അസമില്‍ ബി.ജെ.പി സര്‍ക്കാരായിരുന്നെന്നും അപ്പോഴൊന്നും ശൈശവ വിവാഹത്തിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അറസ്റ്റ് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
നാലായിരത്തിലേറെ കേസുകള്‍ രണ്ടായിരത്തി ഇരുന്നൂറിനടുത്ത് ആളുകള്‍ ഇതുവരെ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണായിരത്തോളം പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചത്.
പത്ത് വര്‍ഷം മുമ്പുള്ള കേസുകള്‍ വരെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പൊലീസ് നടപടിയില്‍ യാതൊരു ദയയും കാണിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.