കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 പേര്‍ കൂടി അറസ്റ്റില്‍. പ്രക്ഷോഭം നടക്കുന്ന മുര്‍ഷിദാബാദില്‍ നിന്നുള്ള ആളുകളാണ് അറസ്റ്റിലായത്. നിലവില്‍ ഈ മേഖല അതീവ ജാഗ്രതയിലാണ്.
ഇതോടെ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ 150 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
ജില്ലയിലുടനീളം കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചത്. ഇപ്പോള്‍ മുര്‍ഷിദാബാദിലെ സുതി, ധുലിയന്‍, സംസേര്‍ഗഞ്ച്, ജംഗിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ശാന്തമാണെന്ന് സുരക്ഷാ സേനകള്‍ അറിയിച്ചു.
പ്രക്ഷോഭം രൂക്ഷമായതോടെ അധികൃതര്‍ ഈ മേഖലയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഉടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംഘര്‍ഷത്തിന് പിന്നാലെ മുര്‍ഷിദാബാദില്‍ നിന്ന് നിരവധി ആളുകള്‍ അയല്‍ജില്ലയിലേക്ക് പലായനം ചെയ്തു. ഇവരില്‍ പലരും അയല്‍ജില്ലയായ മാല്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ക്യാമ്പുകളില്‍ കഴിയുന്നതായി അധികൃതര്‍ അറിയിച്ചു. 500 ഓളം പേര്‍ ഭാഗീരഥി നദി കടന്ന് ക്യാമ്പുകളില്‍ എത്തിയതായാണ് വിവരം.
ഇതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ടി.എം.സി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
അതേസമയം ബംഗാളില്‍ ക്രമസമാധാന നിലനിര്‍ത്തുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് എം.പി ഇഷാ ഖാന്‍ ചൗധരി ആവശ്യപ്പെട്ടു. ഇതിനുപുറമെ പശ്ചിമ ബംഗാളിന്റെ നാല് അതിര്‍ത്തി ജില്ലകള്‍ സായുധസേനാ പ്രത്യേകാധികാര നിയമ (അഫ്‌സ്) പ്രകാരം പ്രശ്‌നബാധിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി എം.പി ജ്യോതിര്‍മയി സിങ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ തന്റെ സംസ്ഥാനത്ത് പുതിയ വഖഫ് നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പും നല്‍കിയിരുന്നു.
ബംഗാളിന് പുറമെ ത്രിപുരയിലും അസമിലും വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ കല്ലേറില്‍ 18 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തതോടെ പ്രതിഷേധ റാലിയില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. കോണ്‍ഗ്രസ് ഉനകോട്ടി ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ബദറുസ്സമാന്‍ നേതൃത്വം നല്‍കിയ പ്രതിഷേധ റാലിക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.
വഖഫ് ഭേദഗതിക്കെതിരെ അസമില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരുടേയും അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Protest against Waqf Amendment Act; 12 more people arrested in Bengal