| Monday, 24th July 2017, 12:39 pm

വിനായകന്റെ മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക: ആഗസ്റ്റ് 2ന് തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നേരിട്ട പീഡനത്തില്‍ മനംനൊന്ത് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്.

ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് തൃശൂര്‍ ഐ.ജി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

പാവറട്ടി പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്ത് അവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക, പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, വിനായകന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.


Must Read:‘പട്ടാളക്കാരുടെ ത്യാഗം എപ്പോഴും ഓര്‍ക്കാന്‍ ജെ.എന്‍.യുവിനൊരു പട്ടാള ടാങ്ക് വേണം’ കേന്ദ്രമന്ത്രിമാരോട് വി.സിയുടെ അപേക്ഷ


വിനായകന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. “‘#ItsMurder’ എന്ന ഹാഷ്ടാഗും വ്യാപകമാണ്.

ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more