| Sunday, 24th June 2018, 12:43 pm

കറുത്തവര്‍ഗക്കാരനായ ബാലനെ വെടിവെച്ചു കൊന്ന യു.എസ് പൊലീസിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറ്റ്‌സ്ബര്‍ഗ്: യു.എസില്‍ കറുത്തവര്‍ഗക്കാരനായ പതിനേഴുകാരനെ കൊലപ്പെടുത്തിയ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിനാളുകളാണ് കഴിഞ്ഞദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയത്.

” പുറംഭാഗത്ത് മൂന്നുവെടിയുണ്ടകള്‍, എങ്ങനെയാണ് നിങ്ങളതിനെ ന്യായീകരിക്കുന്നത്?” എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ പെന്‍സില്‍വാനിയ നഗരത്തിലെ നിരവധി തെരുവുകള്‍ പൂട്ടിച്ചിരുന്നു.

ആന്റ്‌വണ്‍ റോസ് എന്ന കൗമാരക്കാരനാണ് പിറ്റ്‌സ്ബര്‍ഗില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. റോസ് സഞ്ചരിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. മൈക്കല്‍ എച്ച് റോസ് ഫെല്‍ഡ് എന്ന പൊലീസ് ഓഫീസറാണ് വെടിവെച്ചത്. നിരായുധനായ റോസ് ഓടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. റോസിന്റെ പിന്‍ഭാഗത്താണ് വെടിയേറ്റതെന്ന കാര്യം പറയാന്‍ പൊലീസ് തയ്യാറായിരുന്നില്ല.


Also Read:എങ്ങനെയാണ് ആ അധ്യാപകന്‍ ഞങ്ങളുടെ ചങ്കായത്? ട്രാന്‍സ്ഫര്‍ കിട്ടിയ അധ്യാപകനെ സ്‌നേഹംകൊണ്ട് തടഞ്ഞ വിദ്യാര്‍ഥികള്‍ പറയുന്നു


മൈക്കല്‍ എച്ച് റോസ് ഫെല്‍ഡും ആന്റ്‌വണ്‍ റോസും

“ഞാന്‍ ആശയക്കുഴപ്പത്തിലാണ്, ഭീതിയിലാണ്” എന്നു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ചിലരുടെ പ്രതിഷേധം. 2016ല്‍ റോസ് എഴുതിയത് എന്നുപറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയുടെ ഭാഗമാണ് ഇത്.

“ഞാന്‍ ഭീതിയിലും ആശയക്കുഴപ്പത്തിലുമാണ്. ഏതുവഴിയിലാണ് പോകേണ്ടതെന്ന അതിശയം. പുറത്തേക്ക് പോകാന്‍ രണ്ടുവഴിയേ ഉള്ളൂവെന്നാണ് ഞാന്‍ കേട്ടത്. മാതാപിതാക്കള്‍ ആണ്‍മക്കളെ കുഴിച്ചുമൂടുന്നത് എനിക്കു കാണാം. എന്റെ അമ്മ ഒരിക്കലും ആ വേദന അനുഭവിക്കരുതേയെന്നാണ് ആഗ്രഹം. ഞാന്‍ ഭീതിയിലും ആശയക്കുഴപ്പത്തിലുമാണ്.” എന്നായിരുന്നു റോസ് എഴുതിയ വരികള്‍.

റോസ് വെടിയേറ്റു കൊല്ലപ്പെടുന്നതിന്റെ വീഡിയോ ഏറെ അസ്വസ്ഥനാക്കുന്ന ഒന്നാണെന്ന് ഗവര്‍ണര്‍ ടോം വോള്‍ഫ് പറഞ്ഞു. “പൊലീസ് ഉള്‍പ്പെട്ട എല്ലാ വെടിവെപ്പുകളിലുമുണ്ടാവുന്നതുപോലെ വിശദവും സുതാര്യവുമായ അന്വേഷണം ഈ മരണത്തിലുമുണ്ടാവണം.” അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു.


Also Read:മതം ചോദിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവം: ബി.ജെ.പി വെട്ടുകിളിക്കൂട്ടം സുഷമാ സ്വരാജിനെതിരെയും


റോസ് സഞ്ചരിച്ച വാഹനം തടയാന്‍ പൊലീസിനെ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ അവിടെ ചില സംഭവങ്ങള്‍ നടന്നിരുന്നെന്നും അതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നുമാണ് പൊലീസ് വിശദീകരണം.

ജൂണ്‍ 19നാണ് ആന്റ്‌വണ്‍ റോസ് കൊല്ലപ്പെട്ടത്. കമ്മ്യൂണിറ്റി വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വുഡ്‌ലാന്റ് ഹില്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കൂടിയായിരുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്കായിരുന്നു അദ്ദേഹത്തിന്റെ അമ്മ.

യു.എസ് പൊലീസ് സേനയ്ക്കുള്ളിലെ വംശീയതയ്‌ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ഫാറ്റല്‍ ഫോഴ്‌സ് ഡാറ്റബെയ്‌സ് അനുസരിച്ച് യു.എസ് പൊലീസിനാല്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 495 പേരാണ്.


Also Read:“ലോണ്‍ തരണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടണം”; കര്‍ഷകന്റെ ഭാര്യയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍


2017ല്‍ പൊലീസ് കൊലപ്പെടുത്തിയത് 980 പേരെയാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കണക്കു പറയുന്നത്. എന്നാല്‍ 1090 പേരെയാണ് 2017ല്‍ പൊലീസ് കൊലപ്പെടുത്തിയതെന്നാണ് ദ ഗാര്‍ഡിയന്റെ കണക്ക്.

യു.എസ് ജനസംഖ്യയുടെ 12% വരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരാണ് 2016ല്‍ കൊല്ലപ്പെട്ടവരില്‍ നാലിലൊന്നും. യു.എസില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അറസ്റ്റു ചെയ്യാനുള്ള സാധ്യത വെള്ളക്കാരെക്കാള്‍ ആറുമടങ്ങ് അധികമാണെന്നാണ് ദ സെന്റന്‍സിങ് പ്രൊജക്ട് എന്ന ജാഗ്രതാസമിതി പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more