| Thursday, 4th April 2024, 8:43 pm

സി.എ.എയിൽ കോൺഗ്രസിന്റെ നിലപാടെന്തെന്ന് ചോദിച്ച പത്രപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ കെ.യു.ഡബ്ലിയു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്താണെന്ന് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയ വാദിയെന്ന് വിളിച്ചധിക്ഷേപിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം. കാസര്‍ഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത്.

മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയ വാദിയെന്ന് വിളിച്ചതില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും യു.ഡി.എഫ് മണ്ഡലം ചെയര്‍മാനും ഡി.സി.സി പ്രസിഡന്റിനും യൂണിയന്‍ കത്ത് നല്‍കി.

പരിപാടിക്കിടയില്‍ തന്നെ അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പ് ചോദിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അതിന് തയ്യാറായില്ലെന്ന് കത്തില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിഷയത്തില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാലും രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥി ആയതിനാലും അതില്‍ നിന്ന് പിന്മാറുന്നുവെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

എന്നാല്‍ നിലപാടില്‍ മാറ്റം വരുത്തണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സി.എ.എയില്‍ എന്ത് നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചോദിക്കുമ്പോള്‍, ചോദ്യം ഉന്നയിക്കുന്നവരെ കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയ വാദിയെന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് വ്യക്തമായ നിലപാട് എടുക്കുന്നില്ലെന്നും ചോദ്യമുയര്‍ന്നു.

Content Highlight: Protest against UDF candidate Raj Mohan Unnithan who insulted the journalist as a communalist

We use cookies to give you the best possible experience. Learn more