| Thursday, 23rd March 2017, 2:16 pm

'ടൈംസ് ഓഫ് ഇന്ത്യ മാപ്പു പറയണം'; ജെ.എന്‍.യു വിദ്യാര്‍ഥി നജീബിനെ ഐസിസ് അനുഭാവിയാക്കിയ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ കാമ്പെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നജീബിനെ ഐസിസ് അനുഭാവിയാക്കി പ്രഖ്യാപിച്ചുള്ള വ്യാജവാര്‍ത്ത ഒന്നാംപേജില്‍ നല്‍കുകയും ഈ വാര്‍ത്ത തെറ്റാണെന്ന റിപ്പോര്‍ട്ട് അഞ്ചാം പേജില്‍ ഒതുക്കുകയും ചെയ്ത ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം. വാര്‍ത്ത തെറ്റാണെന്നറിയിച്ചുകൊണ്ടുള്ള കുറിപ്പ് ടൈംസ് ഓഫ് ഇന്ത്യ ഒന്നാംപേജില്‍ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്.

ജെ.എന്‍.യു വിദ്യാര്‍ഥിയായ നജീബിന്റെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും അദ്ദേഹം ഐസിസ് ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായി പൊലീസിനു റിപ്പോര്‍ട്ടു ലഭിച്ചു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ മാര്‍ച്ച് 21ാം തിയ്യതി പ്രസിദ്ധീകരിച്ച വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്നു പറഞ്ഞുകൊണ്ട് പൊലീസ് തന്നെ രംഗത്തെത്തിയതോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം നിഷേധിച്ച പൊലീസിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായത്.


എന്നാല്‍ നജീബിനെ ഐസിസ് അനുഭാവിയാക്കി ചിത്രീകരിച്ചുള്ള വാര്‍ത്ത ആദ്യപേജില്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ഇത് നിഷേധിച്ചുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് അഞ്ചാം പേജിലാണ് പ്രസിദ്ധീകരിച്ചത്. അതും വെറും 75 വാക്കിലൊതുക്കിയ റിപ്പോര്‍ട്ട്.

നജീബിനെതിരായ വാര്‍ത്ത ആദ്യ പേജില്‍ റിപ്പോര്‍ട്ടു ചെയ്തതിനു പുറമേ മൂന്നാം പേജില്‍ 500വാക്കില്‍ മറ്റൊരു റിപ്പോര്‍ട്ടും നല്‍കിക്കൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യ ആഘോഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോട്ട് വിശ്വസിച്ച് മറ്റു മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ബി.ജെ.പി ഐ.ടി സെല്ലും നജീബിനെതിരെ വ്യാപകമായ പ്രചരണം നടത്തിയിരുന്നു. നജീബിനെതിരായ വാര്‍ത്ത ഇത്രത്തോളം ചര്‍ച്ചയായിട്ടും ഇത് തെറ്റാണെന്നറിയിച്ചുള്ള പൊലീസിന്റെ സ്ഥിരീകരണം ടൈംസ് ഓഫ് ഇന്ത്യ ആദ്യപേജില്‍ പ്രസിദ്ധീകരിച്ചില്ല. ഈ നടപടിയ്‌ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

ജെ.എന്‍.യു വിദ്യാര്‍ഥിയായ ഷെഹലാ റാഷിദാണ് ചെയ്ഞ്ച്.ഓര്‍ഗിലൂടെ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുന്നത്.

തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ തന്നെ ഖേദപ്രകടനവും ഈ വിഷയത്തില്‍ വിശദീകരണവും നല്‍കണമെന്നാണ് കാമ്പെയ്ന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.

തെറ്റായ പ്രചരണം നടത്താന്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ദല്‍ഹി പൊലീസിന്റെയും പേര് ഉപയോഗിച്ച രാജ് ശേഖര്‍ ഝാ എന്ന മാധ്യമപ്രവര്‍ത്തകനെ പുറത്താക്കണം. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മറ്റു മാധ്യമങ്ങളും ദല്‍ഹി പൊലീസിന്റെ വിശദീകരണ കുറിപ്പ് വലിയ പ്രധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കണം.

പ്രസ്തുത വാര്‍ത്ത കാരണം നജീബിന്റെ കുടുംബത്തിനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്നും കാമ്പെയ്ന്‍ ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more