| Friday, 21st January 2022, 9:23 pm

ലളിതകലാ അക്കാദമിയുടെ അധികാരപദവികളില്‍ പുരുഷന്മാരെ മാത്രം നിയമിച്ച് എന്ത് സമത്വമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; പ്രതിഷേധവുമായി ദൃശ്യകലാകാരി കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ചുമതലപ്പെട്ട നിര്‍ണായകസ്ഥാനങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം പരിഗണിക്കപ്പെടുന്നതിനെതിരെ പ്രതിഷേധവുമായി ദൃശ്യകലാകാരി കൂട്ടായ്മ (കളക്ടീവ് ഓഫ് വിമെന്‍ ഇന്‍ വിഷ്വല്‍ ആര്‍ട്‌സ് ഓഫ് കേരള).

അക്കാദമിയുടെ സെക്രട്ടറി, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം നിയമിക്കപ്പെടുകയും നിലവിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം അതേപടി തുടരുകയും ചെയ്യുമ്പോള്‍ കഴിവുള്ള നിരവധി ദൃശ്യകലാകാരികള്‍ പരിഗണിക്കപ്പെടാതെ പോവുകയാണെന്ന് ഇവര്‍ പറയുന്നു.

കേരളത്തിലെ കലാസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാര പദവികളിലെല്ലാം പുരുഷന്‍മാരെ നിയമിച്ചുകൊണ്ട് സമത്വം എന്ന ആശയത്തിലുള്ള എന്ത് തരത്തിലുള്ള പുരോഗമന കലാസാംസ്‌ക്കാരിക ഭരണപദ്ധതിയാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അവര്‍ പറയുന്നു.

കേരളത്തിന്റെ ആറ് പതിറ്റാണ്ട് കാലത്തെ ദൃശ്യകലാ ചരിത്രത്തിന്‍ ഒരു കലാകാരി പോലും തത്സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നനും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഈ അവഗണയ്‌ക്കെതിരെ 116 ദൃശ്യകലാകാരികള്‍ ഒപ്പിട്ട മെമ്മോറാണ്ടം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്നും, എന്നാല്‍ സര്‍ക്കാര്‍ ആ മെമ്മോറാണ്ടം തള്ളുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ഇവര്‍ അരോപിക്കുന്നു.

‘ദൃശ്യകലാകാരികളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിക്കൊണ്ട് പുരുഷമേധാവിത്വത്തിന് ചുക്കാന്‍ പിടിക്കുന്ന സമീപനമാണ് ലളിതകലാ അക്കാദമിയുടെ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിലും സംഭവിച്ചിട്ടുള്ളത്. ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുകയും അധികാരസ്ഥാനങ്ങളിലെല്ലാം പുരുഷന്‍മാരെ /പുരുഷാധിപത്യ വാര്‍പ്പു മാതൃകകളെ നിയമിക്കുകയും നില നിര്‍ത്തുകയും ചെയ്യുന്ന ഈ രീതി അപലപിക്കപ്പെടേണ്ടതാണ്,’ ഇവര്‍ പറയുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലും ജനാധിപത്യത്തിലും ഭരണസമിതിക്ക് സ്ത്രീകളെക്കൂടി അധികാരസ്ഥാനങ്ങളില്‍ പരിഗണിക്കണമെന്നും, കലയ്ക്കും കാലാകാരര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ദൃശ്യകലാകാരി കൂട്ടായ്മ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള ലളിതകലാ അക്കാദമിയുടെ ചുമതലപ്പെട്ട നിര്‍ണ്ണായകസ്ഥാനങ്ങളില്‍ പുരുഷരായ കലാകാരര്‍ (ചെയര്‍മാന്‍,സെക്രട്ടറി) മാത്രം സ്ഥാനമെടുക്കുകയും നിലവിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം അതേപടി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലളിതകലാ അക്കാദമിയില്‍ കഴിവുള്ള ദൃശ്യകലാകാരികള്‍ ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കേരള ദൃശ്യകലാ ചരിത്രത്തില്‍ ആദ്യമായി രൂപം കൊണ്ട ദൃശ്യകലാകാരി കൂട്ടായ്മ (A Collective of Women in Visual Arts of Kerala) ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കേരളത്തിലെ കലാസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാര പദവികളിലെല്ലാം പുരുഷന്‍മാരെ നിയമിച്ചുകൊണ്ട് സമത്വം എന്ന ആശയത്തിലുള്ള എന്ത് തരത്തിലുള്ള പുരോഗമന കലാസാംസ്‌ക്കാരികഭരണപദ്ധതിയാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ ദൃശ്യകലയുടെ 6 പതിറ്റാണ്ട് ആയിട്ടുള്ള ചരിത്രത്തില്‍ ഒരു കലാകാരി പോലും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പത്മിനിക്ക് ശേഷം ഒരു കലാകാരിക്ക് പോലും അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല.

അത്തരം സാഹചര്യത്തിലാണ് ദൃശ്യകലാകാരികള്‍ നേരിടുന്ന അവഗണനയും കലാകാരികള്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന പ്രത്യേക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ട് 116 ദൃശ്യകലാകാരികള്‍ ഒപ്പ് വെച്ച മെമ്മോറാണ്ടം സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. അതിലെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു അധികാര പദവിയിലെ തുല്യ പങ്കാളിത്തം ദൃശ്യകലാകാരികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടം പൂര്‍ണ്ണമായും നിരാകരിക്കുകയോ തള്ളിക്കളയുകയോ ചെയ്ത നടപടിയാണ് ഈ ഭരണ സമിതിയുടെ നിയമനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

കേരള സര്‍ക്കാറിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ ലിംഗസമത്വം സാര്‍വത്രികമാകുന്നതിനുള്ള ആശയമാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സമം എന്ന കലാ വിദ്യാഭ്യാസ പദ്ധതി.കലാ സാംസ്‌ക്കാരിക സാധ്യതകളെല്ലാം ഉപയോഗിച്ചു കൊണ്ട് നടക്കുന്ന പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ദൃശ്യകലാകാരികളുടെ ക്യാംപുകളും നടത്തുന്നുണ്ട്. വല്ലപ്പോഴും നടത്തപ്പെടുന്ന ഇത്തരം ക്യാംപുകളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുകയെന്നതൊഴിവാക്കിയാല്‍ ഇത്തരം പരിപാടികള്‍ സമൂഹത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഇടങ്ങളിലൊന്നും കലാകാരി ജീവിതത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാം.

ദൃശ്യകലാകാരികളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിക്കൊണ്ട് പുരുഷമേധാവിത്വത്തിന് ചുക്കാന്‍ പിടിക്കുന്ന സമീപനമാണ് ലളിതകലാ അക്കാദമിയുടെ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിലും സംഭവിച്ചിട്ടുള്ളത്. ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുകയും അധികാരസ്ഥാനങ്ങളിലെല്ലാം പുരുഷന്‍മാരെ /പുരുഷാധിപത്യ വാര്‍പ്പു മാതൃകകളെ നിയമിക്കുകയും നില നിര്‍ത്തുകയും ചെയ്യുന്ന ഈ രീതി അപലപിക്കപ്പെടേണ്ടതാണ്.

പഴയ ഭരണ സമിതി അവസാനിക്കുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്യുമ്പോള്‍ പഴയ അംഗത്തെ നിലനിര്‍ത്തുന്നതും (ആ വ്യക്തി, പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഔദ്യോഗിക പദവിയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണെന്ന് പരാതിക്കാരിയായ വ്യക്തി ആരോപണമുന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍) അദ്ദേഹം നിലവിലെ പദവി തുടരുന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയാണ്.

കേരള ലളിതകലാ അക്കാദമിയുടെയും ഠഗ പത്മിനി ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടന്ന ടി.കെ പത്മിനി പുരസ്‌ക്കാര ചടങ്ങളില്‍, പത്മിനിക്ക് ശേഷം കലാകാരികള്‍ വേണ്ട വിധം അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന സജിത ആര്‍ ശങ്കറിന്റെ വാക്കുകള്‍ക്ക് മറുപടിയായി നിയുക്ത സെക്രട്ടറി ബാലമുരളീകൃഷണ പ്രതികരിച്ചത് അത് സജിതയുടെ അനാവശ്യമായ ആധികളും ഉത്കണ്ഠകളുമാണ് എന്നാണ്.

സജിത പറയുന്നത് സത്യമല്ല എന്നാണ്. കേരളത്തില്‍ കല പ്രാക്ടീസ് ചെയ്യുന്ന ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് സജിത ആര്‍ ശങ്കര്‍. അവരുന്നയിച്ചത് കലാ ചരിത്രത്തില്‍ ആര്‍ക്കും തെളിഞ്ഞുകാണാവുന്ന അസമാനതകളെക്കുറിച്ചുള്ള നിരീക്ഷണമാണ്. പൊതുവേദികളില്‍ പോലും പരസ്യമായി കലാകാരികളുടെ വാക്കുകളെപ്പോലും ഇല്ലാതാക്കുകയും ആക്ഷേപിക്കയും ചെയ്യുന്ന പുരുഷ കലാകാരന്‍മാരാല്‍ നയിക്കപ്പെടുന്ന ലളിതകലാ അക്കാദമിയില്‍ നിന്ന് സ്ത്രീ സമത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനം യാതൊരു പ്രതീക്ഷക്കും വകയില്ലാത്തതാണ്.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിലും ലിംഗസമത്വത്തിലും ഊന്നിയുള്ള ഒരു ഭരണ സമിതിക്ക് ദൃശ്യകലാകാരികളുടെ അധികാര സ്ഥാനങ്ങളിലേക്കുള്ള നിയമനം അത്യന്താപേക്ഷിതമാണ്. നിലവിലെ ഭരണസമിതിയിലെ ആരോപണ വിധേയനായ പഴയ അംഗത്തെ ഒഴിവാക്കിക്കൊണ്ടും താക്കോല്‍ സ്ഥാനത്തേക്ക് കഴിവുള്ള ദൃശ്യകലാകാരികളെ തെരഞ്ഞെടുത്ത് കൊണ്ടും കലയ്ക്കും കാലാകാരര്‍ക്കും ഗുണകരമാകുന്ന ഭരണ സമിതിയിലൂടെ സമത്വം എന്ന ആശയം എല്ലാ നിലയിലും പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

അംഗങ്ങള്‍, ദൃശ്യകലാകാരി കൂട്ടായ്മ

(A Collective of Women in Visual Arts of Kerala)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Protest against the fact that only men are in power at the Lalithakala Academy

We use cookies to give you the best possible experience. Learn more