ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പുതുച്ചേരി കോരിമേട്ടിലെ ജിപ്‌മെര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭരണഭാഷ ഹിന്ദി മാത്രമാക്കി ഡയറക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധം.
ഇനിയുള്ള ദിവസങ്ങളില്‍ ഓഫീസ് രേഖകള്‍, സ്റ്റാഫ് ബുക്ക് തുടങ്ങിയവയെല്ലാം ഹിന്ദിയില്‍ മാത്രമായിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സഹായം ആവശ്യമുണ്ടെങ്കില്‍ ഹിന്ദി വിഭാഗവുമായി ബന്ധപ്പെടാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ഹിന്ദി മാത്രം ഭരണഭാഷയാക്കിയ ഉത്തരവിനെതിരെ ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുമോയെന്ന് കനിമൊഴി ചോദിച്ചു.
‘ഹിന്ദി അടിച്ചേല്‍പ്പിക്കുക വഴി അസമത്വം മാറുമോ? ഇത് ഏതെങ്കിലും സാമൂഹിക പ്രശ്നത്തിന് പരിഹാരമാകുമോ? വിള്ളലുകള്‍ ആഴത്തിലാക്കുന്നത് അത്ര നല്ലതല്ല.
എന്തുകൊണ്ടാണ് ഒരു ഭാഷക്ക് ഇത്ര പരിഗണന, എന്ത് നേടാനാണ്. ഇത് തൊഴിലില്ലായ്മയും ലിംഗ അസമത്വവും അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാമൂഹിക തിന്മയും പരിഹരിക്കുമോ? എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്,’ കനിമൊഴി ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷിനു പകരം ഹിന്ദിയില്‍ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പുതിയ ഉത്തരവെന്നതും ശ്രദ്ധേയമാണ്. അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
അമിത് ഷായുടെ ആഹ്വാനം രാജ്യത്തിന്റെ ഐക്യത്തിനെതിരായ കടന്നാക്രമണമാണെന്നാണ് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നത്.
Content Highlights: Protest against the director’s decision to make Hindi the only official language at the jipmer Medical College Hospital in Puducherry