| Monday, 16th December 2019, 8:41 am

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം; മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയുടെ വാഹനം ആലുവയില്‍ തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തില്‍ എത്തിയ മണിപ്പൂരി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളുടെ വാഹനം ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇന്ന് ആലുവ പാലസില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. അപ്രതിക്ഷിതമായുള്ള പ്രതിഷേധത്തിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.

രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആകാശവാണിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more