മുണ്ടക്കൈ ദുരന്തം; ധനസഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിന്റെ പ്രതിഷേധം
Kerala News
മുണ്ടക്കൈ ദുരന്തം; ധനസഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിന്റെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2024, 2:57 pm

കോഴിക്കോട്: ഇരുനൂറിലധികം ആളുകള്‍ മരണപ്പെട്ട വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ധനസഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

ഇന്നലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ദുരന്ത നിവാരണത്തിനായി 300 കോടിയിലധികം രൂപ കേരളത്തിന് നല്‍കിയിട്ടുണ്ടെന്നും ദുരന്തങ്ങളെ നേരിടാന്‍ അതില്‍ നിന്നും ചെലവഴിക്കാമെന്നുമാണ് കേന്ദ്രം അറിയിച്ചത്.

കേരളത്തെ തഴഞ്ഞുകൊണ്ടുള്ള നിലപാടിനെതിരെ ഒരേസമയം എല്‍.ഡി.എഫും യു.ഡി.എഫും രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പിന്നില്‍ നിന്ന് കുത്തിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രളയകാലത്തുണ്ടായ കേരളത്തോടുളള മനോഭാവം കേന്ദ്രം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.ബി. രാജേഷ്

കേന്ദ്രത്തിന്റെ നിലപാടിനെതിരെ രാഷ്ട്രീയവും നിയമപരവുമായ എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. മുണ്ടക്കൈ ദുരന്തത്തെ ഹൈക്കോടതി പോലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തെ ജനങ്ങള്‍ മറക്കില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം പിടിച്ചുവെക്കുകയാണ്. ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടിനെതിരെ പാര്‍ലമെന്റില്‍ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

വി.ഡി. സതീശന്‍

ആരുടെയും പോക്കറ്റില്‍ നിന്ന് എടുത്ത് തരുന്ന തുകയല്ലെന്നും അര്‍ഹതപ്പെട്ട തുകയാണ് സംസ്ഥാനത്തിന് നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തനിനിറമാണ് തുക അനുവദിക്കാത്തതിലൂടെ പുറത്തുവന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം ഇന്ത്യയിലാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നതെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്ത് തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എന്‍. ബാലഗോപാല്‍

വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാന്‍ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.

വയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.

കെ. രാജന്‍

കേരളത്തിന്റെ അവകാശമാണ് ചോദിച്ചത്, ഔദാര്യമല്ല. ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കെ. രാജന്‍ ചൂണ്ടിക്കാട്ടി.

കേരളത്തോടുള്ള പ്രതികാരാത്മക മനോഭാവമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തമാകുന്നതെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

ആര്‍. ബിന്ദു

പല അനുഭവങ്ങളിലൂടെ അത് വ്യക്തമാണ്. ഏറ്റവും പുതിയ അധ്യായമാണ് ഇത്. കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയും സമര പ്രഖ്യാപനവുമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തുള്ള സകലയാളുകളും വയനാടിന് സഹായഹസ്തമേകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആലപ്പുഴ എം.പി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. വയനാട് ഇന്ത്യയുടെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കെ.സി. വേണുഗോപാല്‍

മുണ്ടക്കൈ ദുരന്തത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വന്നപ്പോള്‍ തങ്ങളെല്ലാവരും ആവശ്യപ്പെട്ടതാണ് ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്. എന്നാല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നാണ് കേന്ദ്രം പറയുന്നതെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പി.കെ. കുഞ്ഞാലിക്കുട്ടി

അതേസമയം കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒഴിവാക്കാനാകാത്ത യാതൊരു സാങ്കേതികപ്രശ്‌നവും ഈ വിഷയത്തില്‍ ഇല്ലെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തില്‍ എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേരളം കേന്ദ്ര സര്‍ക്കാരിന്റെ ഭൂപടത്തില്‍ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഇല്ലെന്ന് കാണിച്ചുകൊടുക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് വോട്ടര്‍മാര്‍ക്കാണ് അതിനുള്ള അവസരമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വയനാട് ജനതയോട് കാണിക്കുന്ന അനീതിയാണെന്ന് ഐ.സി.സി.സി ജനറല്‍ സെക്രട്ടറിയും ഉപതെരഞ്ഞെടുപ്പില്‍ വയനാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തം നേരിട്ട് വന്ന് കണ്ടിട്ടും മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും നിര്‍ണായകമായ സഹായങ്ങള്‍ തടയുകയുമാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

പ്രിയങ്ക ഗാന്ധി

മുന്‍കാലങ്ങളില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ദുരന്തങ്ങളുടെ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ധനസഹായം അനുവദിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനം ഒന്നിലധികം തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദുരന്തം കോടതിയില്‍ പരിഗണിക്കപ്പെടുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടായില്ല.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലിന് ശേഷം ദുരന്തങ്ങളുണ്ടായ സിക്കിം, ത്രിപുര, ആന്ധ്രാപ്രദേശ്, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി സാമ്പത്തിക സഹായം നല്‍കിയിരുന്നു. 3,448 കോടി രൂപയാണ് ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമായി കേന്ദ്രം അനുവദിച്ചത്.

Content Highlight: protest against the central government’s move to deny financial assistance in the Mundakkai-Churalmala landslide