വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മാരത്തണിന്റെ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം.
ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇസ്രഈലിന് പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ പ്രതിഷേധം ഉയരുന്നത്.
ഗസയിലെ ഇസ്രഈലിന്റെ അധിനിവേശത്തില്‍ ടാറ്റ ഗ്രൂപ്പ് മുഖ്യ പങ്കാളികളാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇസ്രഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുന്നുണ്ടെന്ന് മാരത്തണില്‍ പങ്കെടുക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ടാറ്റ ഗ്രൂപ്പുമായുള്ള എല്ലാ ബന്ധവും മാരത്തണ്‍ സംഘാടകര്‍ അവസാനിപ്പിക്കണമെന്ന് ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള ഗ്രൂപ്പ് സൗത്ത് ഏഷ്യന്‍ ലെഫ്റ്റ് ആവശ്യപ്പെട്ടു.
വടക്കേ അമേരിക്കയില്‍ ഖനനം, എഞ്ചിനീയറിങ്, സ്റ്റീല്‍, കോഫി തുടങ്ങിയ മേഖലകളിലായി ഏകദേശം 50,000 ആളുകള്‍ക്ക് ടാറ്റ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തുള്ള ഈ സ്വാധീനത്തെ മുന്‍നിര്‍ത്തി ടാറ്റ പ്രതിരോധ പദ്ധതികളില്‍ ഏര്‍പ്പെടുകയാണെന്നും ഇസ്രഈലുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇടപെടല്‍ നടത്തുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
‘ടാറ്റ ബൈ ബൈ’ എന്ന പേരിലാണ് ഇന്ത്യന്‍ കമ്പനിക്കെതിരായ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇസ്രഈലിന്റെ വംശഹത്യ, വര്‍ണവിവേചനം തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുന്ന ബിസിനസ് ശൃംഖലയാണ് ടാറ്റയുടേതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂയോര്‍ക്ക് റോഡ് റണ്ണേഴ്‌സ് (എന്‍.വൈ.ആര്‍.ആര്‍) സംഘടിപ്പിക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ ലാഭേച്ഛയില്ലാതെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാരത്തണായാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ടാറ്റ ഗ്രൂപ്പിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നത്.
ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ നാവല്‍ ടാറ്റ 2024 ഒക്ടോബര്‍ ഒമ്പതിനാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രത്തന്‍ ടാറ്റയുടെ മരണത്തോടെ ടാറ്റ ഗ്രൂപ്പും ഇസ്രഈലും തമ്മിലുള്ള ബന്ധവും ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഫലസ്തീനില്‍ വംശഹത്യ നടത്താന്‍ ഇസ്രഈലിനെ സഹായിച്ചുകൊണ്ടിരിക്കുന്ന കമ്പനികളിലൊന്നാണ് ടാറ്റയെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.