ആഗ്ര: ആഗ്രയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
വനിതാ പ്രവര്‍ത്തകര്‍ അടക്കമാണ് സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധിച്ചത്. സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
നേരത്തെ ഹാത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നവരെ തടയാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. അതേസമയം വിഷയത്തില്‍ പ്രതികരണം നടത്താനോ നടപടിയെ അപലപിക്കാനോ പോലും തയ്യാറാകാത്ത സ്മൃതി ഇറാനിയുടെ നടപടി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക