ഇംഫാല്‍: മണിപ്പൂര്‍ ഹൈക്കോടതിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന അഭിഭാഷകനെതിരെ പ്രതിഷേധം. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ പ്രസ്താവനക്കെതിരെയാണ് അഭിഭാഷക സംഘടനയായ ഓള്‍ മണിപ്പൂര്‍ ബാര്‍ അസോസിയേഷന്‍ പ്രതിഷേധിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് പൂയ്യം തോംച്ച മേത്തയുടെ നേതൃത്വത്തിലാണ് അഭിഭാഷകരുടെ പ്രതിഷേധം.
ഭരണഘടന സംരക്ഷിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന കോളിന്‍ ഗോണ്‍സാല്‍വിസിന്റെ പരാമര്‍ശത്തിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്കിന്റെ സ്ഥാപകനാണ് കോളിന്‍ ഗോണ്‍സാല്‍വിസ്. 2024 മാര്‍ച്ച് എട്ടിന് ദല്‍ഹിയില്‍ നടന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയിലാണ് അഭിഭാഷകന്‍ പരാമര്‍ശം നടത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
മണിപ്പൂരിലെ ക്രമസമാധാനം തിരിച്ചു വരുന്ന സാഹചര്യത്തിലാണ് കോളിന്‍ ഗോണ്‍സാല്‍വസിന്റെ പരാമര്‍ശം. ഇത് നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ല എന്ന് അഭിഭാഷകര്‍ പറയുന്നു.
മണിപ്പൂര്‍ ഹൈക്കോടതിക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക, സൗഹാര്‍ദം സംരക്ഷിക്കുക, മണിപ്പൂരിനെ സംരക്ഷിക്കുക, കുക്കികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.
അഭിഭാഷകരുടെ പ്രൊഫഷണല്‍ എത്തിക്സിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രവര്‍ത്തിച്ചുവെന്ന് സംഘടനയുടെ പ്രസിഡന്റ് പറഞ്ഞു. കോടതിയലക്ഷ്യത്തിന് കേസെടുക്കാനും എഫ്.ഐ.ആര്‍ സ്വീകരിക്കാനുമുള്ള നടപടിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Content Highlight: Protest against senior advocate for making defamatory remarks against manipur High Court