| Thursday, 4th October 2018, 2:14 pm

ആലപ്പാട് ഗ്രാമം ഭൂമുഖത്ത് നിന്ന് ഇല്ലാതാകുന്നു ; നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക്

സൗമ്യ ആര്‍. കൃഷ്ണ

ഒരുവശത്ത് കായലും മറുവശത്ത് കടലുമാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് കൊല്ലത്തെ ആലപ്പാട് പഞ്ചായത്ത്. ഫലഭൂഷ്ടിയുള്ള മണ്ണും വിവിധയിനം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കടല്‍ തീരവും ഈ നാടിന്റെ സമ്പത്തായിരുന്നു. വലിയ തോതില്‍ ഖനനം നടക്കുന്നതിനാല്‍ ഭൂമിയുടെ വിസ്താരം അനിയന്ത്രിതമാം വിധം കുറയുകയാണിവിടെ. കടലിനും കായലിനുമിടയില്‍ ബണ്ട്‌പോലെ ചെറിയ ഒരു ഭാഗം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭൂമി കൂടി കടലിനടിയിലായാല്‍ ആലപ്പാട് എന്ന ഈ ഗ്രാമം ഭൂമുഖത്ത് നിന്നും മാഞ്ഞില്ലാതെയാകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.

ഇല്‍മാനൈറ്റ് ,സിലിക്കോണ്‍, റൂട്ടൈന്‍ ,ഗാര്‍നൈറ്റ്, മോണോസൈറ്റ് ,സിലിമിനൈറ്റ് സിലിക്ക എന്നീ ധാതുക്കളുടെ നിക്ഷേപം 1925 മുതല്‍ തന്നെ നീണ്ടകര മുതല്‍ കായംകുളം വരെ 23 കി.മീ. നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ വലിയ തോതിലുണ്ടായിരുന്നുവെന്ന ് നാട്ടിലെ മുതിര്‍ന്ന ആളുകള്‍ പറയുന്നു.

പതിറ്റാണ്ടുകളായി തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 3 കി മീ വീതിയുണ്ടായിരുന്ന ആലപ്പാടുള്ള വെള്ളനാട എന്ന് ഗ്രാമം ഇപ്പോള്‍ വെറും 95 മീറ്റര്‍ വീതി മാത്രമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് നിയമസഭാ അന്വേഷക സമിതിക്കു മുമ്പില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.

1930 കളില്‍ ബിട്ടീഷുകാരാണ് ഈ പ്രദേശങ്ങളിലെ തീരങ്ങളില്‍ ഖനനം തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് പല സ്വകാര്യ കമ്പനികളും ഇവിടെ ഖനനം നടത്തിപ്പോന്നു. ഏറ്റവുമൊടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐ.ആര്‍.ഇ.എല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) ഉം വരെ എത്തിനില്‍ക്കുന്നു ആ നീണ്ട നിര.

കരയിലൊരു കുഴി തീര്‍ക്കുകയും, കടല്‍ കയറുമ്പോള്‍ ഈ കുഴിയിലേക്ക് മണല്‍ വന്ന് നിറയുകയും ചെയ്യുന്നതാണ് ഐ.ആര്‍.ഇ.എല്‍ ന്റെ ഇവിടുത്തെ ഘനന രീതി. മറ്റ് തീരങ്ങളില്‍ നിന്ന് ഒലിച്ച് വരുന്ന മണലാണ് ഇവര്‍ കോരിയെടുക്കുന്നത്. കടല്‍ സ്വാഭാവികമായി മണല്‍ നിക്ഷപിക്കുകയും ഒഴുക്കി കൊണ്ടു പോകുകയും ചെയ്യുമ്പോള്‍ അതിനൊരു സ്വാഭാവികത ഉണ്ടാകും. പകരം ഇത് കോരി കൊണ്ടു പോകുമ്പോള്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെയാണ് ബാധിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മണല്‍ എടുക്കുന്നത് ശസ്ത്രീയമാണെന്നും. കടലില്‍ നിന്ന് കോരുന്നതിനെ മാത്രമാണ് സീവാഷിങ്ങ് എന്ന് വിളിക്കുന്നത് എന്നുമാണ് കമ്പനിയുടെ വാദം.

കരയില്‍ നിന്ന് കവരുന്ന മണല്‍ ഊറ്റി വേര്‍തിരിച്ചെടുത്ത ശേഷം കുഴി നികത്തുന്നതാണ് ശാസ്ത്രീയ ഖനനം. ഇപ്പോള്‍ ആലപ്പാട് തീരങ്ങളില്‍ ഇതല്ല നടക്കുന്നത് എന്ന് സേവ് ആലപ്പാട് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ആലപ്പാട് നടക്കുന്നത് ശാസ്ത്രീയ ഖനനമാണ് എന്നും ചെറിയ തോതില്‍ സീ വാഷിങ്ങ് നടക്കുന്നുണ്ട് എന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് സെലീന പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ.എല്‍ നെ തടയാന്‍ പഞ്ചായത്തിന് അധികാരമില്ല.കരയുടെ വിസ്തൃതി കുറയുന്നത് സ്വാഭാവികമായ പ്രതിഭാസമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം തീരദേശം കടല്‍ എടുക്കുന്നതിന്റ ഭാഗമായാണ് ഇതും എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം.

ഖനനം നിര്‍ത്താനാവശ്യപ്പെട്ട് പല തവണ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഹൈക്കോടതി ഖനനം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഭയെയും പഞ്ചായത്ത് പ്രസിഡന്റിനെയും സ്വാധീനിച്ച് കമ്പനികള്‍ ഖനനം തുടരുകയാണെന്ന് സേവ് ആലപ്പാട് എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ പറയുന്നു.

ഖനനം വരുത്തി വച്ച നാശങ്ങള്‍.

*1955ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഗാമം ഇന്ന് വെറും 7.6 ചതുരശ്ര കിലോമീറ്റര്‍
മാത്രമായി മാറിയിരിക്കുകയാണ്.

*പല തരം കൊഞ്ചുകളടക്കം വിവിധയിനം മത്സ്യങ്ങളുടെ പ്രജനനം നടന്നിരുന്ന തീരത്ത് ഇപ്പോള് മത്സ്യങ്ങളുടെ ദൗര്‍ലഭ്യമാണ്. മത്സ്യബന്ധനം തൊഴിലാക്കിയ ഇന്നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ജോലി നഷ്ടമാകും എന്ന ഭയത്തിലാണ്.

*കണ്ണു കൊണ്ട് കാണാവുന്ന തരം ജൈവ പ്രക്രിയകള വരെ നടന്നിരുന്ന തീരമാണ് ഇവിടുത്തേത്. ആമകള്‍ മുട്ടയിടാനെത്തിയിരുന്ന തീരത്ത് ഇപ്പോള്‍ ആമകളൊ മറ്റ് കടല്‍ ജീവികളെയോ കാണാറില്ല.

*നെല്‍കൃഷിയാണ് ഇവിടുത്തെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം. എന്നാല്‍ കൃഷിയിടങ്ങളിലും ഉപ്പ് വെള്ളം കലരുന്നത് കൃഷിയെയും പ്രതികൂലമായി ബാധിച്ചു. കൃഷി പൂര്‍ണ്ണമായും നശിച്ചു.

*വിദേശത്തേക്ക് വരെ കയറ്റിയയച്ചിരുന്ന പ്രസിദ്ധമായ ആലപ്പാടന്‍ കയറിന്റെ നിര്‍മാണവും ഇന്നില്ല.

*കടല്‍ത്തീരങ്ങളില്‍ വന്നടിയുന്ന കക്ക തീരദേശ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വരുമാനമാര്‍ഗ്ഗമായിരുന്നു. കക്ക വന്നടിയുന്ന പ്രതിഭാസവും ഇല്ലാതായ മട്ടാണ്.

*ആലപ്പാടിന്റെ തെക്കു മുതല്‍ വടക്കുഭാഗം വരെ തീരമേഖലയിലുണ്ടായിരുന്ന ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാടുകള്‍, കടലാക്രമണത്തെ തടയുന്നതിനായി കടല്‍ത്തീരങ്ങളില്‍ വച്ചുപിടിപ്പിച്ച കാറ്റാടികള്‍ എന്നിവയും നശിപ്പിക്കപ്പെട്ടു.

*ശുദ്ധജലം സമൃദ്ധമായി ലഭിച്ചിരുന്ന ആലപ്പാട് പഞ്ചായത്തില്‍ ഇന്ന് ജലസ്രോതസ്സുകള്‍ വറ്റി തീരദേശ മേഖല രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായി.

*ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു പുറമെ സി. ആര്‍. ഇസെഡ് (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) എന്ന നിയമമുപയോഗിച്ച് കലക്ടര്‍ ഈ മേഖലയില്‍ ക്രയവിക്രയങ്ങള്‍ വിലക്കിയിരിക്കുകയാണ്. പഞ്ചായത്ത് അധികാരികളും പ്രദേശവാസികള്‍ക്ക് ഇവിടെ ഭവന നിര്‍മാമണത്തിനുള്ള അനുമതി നല്‍കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന റോഡുകള്‍ ഈ നാട് നേരിടുന്ന പ്രശ്‌നത്തിന്റെ ഭീകരത കാണിച്ചുതരും. വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ വശത്തായി കടലിനോട് ചേര്‍ന്ന് പഴയ റോഡിന്റെ അവശിഷ്ടം കാണാം. ഓരോ തവണ റോഡ് കടല്‍ കയറി നശിക്കുമ്പോഴും സമാന്തരമായി പുതിയതായി നിര്‍മ്മിക്കുകയാണിപ്പോള്‍ ഇവിടെ. തീരത്തു നടക്കുന്ന ഖനനം മൂലം കടല്‍ കരയിലേക്ക് വ്യാപിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്.

ഐ.ആര്‍.ഇ.എല്‍ തന്നെ നടത്തിയ ഷോര്‍ ലൈന്‍ ചേഞ്ച് ഡിറ്റെക്ഷന്‍ എന്ന പഠനത്തില്‍ പ്രതി വര്‍ഷം കര കടലെടുക്കുന്ന പ്രതിഭാസം വ്യക്തമാക്കിയിട്ടുണ്ട്. കടലാക്രമണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത് എന്ന് തെളിയിക്കാനായിരുന്നു ഈ പഠനം നടത്തിയത്. എന്നാല്‍ നാട്ടുകാര്‍ പഴയ സര്‍വ്വേ കല്ലുകള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞ ഇടങ്ങളില്‍ ഖനനം നടന്നിരുന്നു എന്ന് സമര്‍ത്ഥിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.

“ഇവിടുത്തെ ജനങ്ങളുടെ മൗലികമായ എല്ലാ അവകാശങ്ങളും പതുക്കെപ്പതുക്കെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് പഞ്ചായത്ത് പൂര്‍ണമായും ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാകും. അത് അവഗണിച്ചോളു പക്ഷേ കടലിനും കായലിനും ഇടയില്‍ വരമ്പ് പോലെ കിടക്കുന്ന ആലപ്പാട് പ്രദേശം ഇല്ലാതായാല്‍ പശ്ചിമതീര ദേശീയ ജലപാത ഇല്ലാതാവുകയും കായല്‍ കടലായി മാറുകയും ചെയ്യും. ഇപ്പോള്‍ ദേശീയ ജലപാതയ്ക്ക് കിഴക്കുള്ള ഭൂമി സമുദ്രനിരപ്പില്‍ നിന്ന് താഴെയാണ്. അതുകൊണ്ടുതന്നെ ആലപ്പാടെന്ന മണല്‍ബണ്ട് ഇല്ലാതാകുന്നതോടെ ഓണാട്ടുകര, അപ്പര്‍ കുട്ടനാട് എന്നിവ ഉള്‍പ്പെട്ട കാര്‍ഷിക ജനവാസ മേഖല കടല്‍വെള്ളം കയറി നശിക്കാനുള്ള സാധ്യത ഏറെയാണ്. മധ്യ തിരുവിതാംകൂറിന് സംഭവിക്കാവുന്ന പ്രളയത്തെ കുറിച്ചെങ്കിലും ആശങ്ക കാണിക്കണം. നിലവിലുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കമ്പനികള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്”തീരദേശ സംരക്ഷണ സമിതി മുന്‍ പ്രസിഡന്റും ഇപ്പോള്‍ പ്രവര്‍ത്തകനുമായ കെ.സി ശ്രീകുമാര്‍ പറയുന്നു.

നവംബര്‍ ഒന്നു മുതല്‍ ഈ നാട്ടിലെ ജനങ്ങള്‍ ഖനനം നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more