ആര്‍.എസ്.എസ് ആസ്ഥാനത്ത് സ്ത്രീകളുടെ വന്‍പ്രതിഷേധം; മനുവാദത്തിനെതിരായ പ്രതിഷേധം നയിക്കാന്‍ രോഹിത് വെമുലയുടെ അമ്മയും
India
ആര്‍.എസ്.എസ് ആസ്ഥാനത്ത് സ്ത്രീകളുടെ വന്‍പ്രതിഷേധം; മനുവാദത്തിനെതിരായ പ്രതിഷേധം നയിക്കാന്‍ രോഹിത് വെമുലയുടെ അമ്മയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2017, 11:13 am

നാഗ്പൂര്‍: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധം. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന രാജ്യത്തെ വിവിധ സംഘടനകള്‍ ഒരുമിച്ചാണ് പ്രതിഷേധം നടത്തിയത്. ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും പ്രതിഷേധം നയിക്കാന്‍ എത്തിയിരുന്നു.

സ്ത്രീകള്‍ക്കും സമൂഹത്തിലെ ാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എതിരെ നടക്കുന്ന ജാതീയമായ അതിക്രമങ്ങള്‍ക്കും ഹിന്ദുത്വ വാദത്തിനും എതിരെയാണ് സ്ത്രീകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള സ്ത്രീകള്‍, ആദിവാസി-ദളിത്-മുസ്ലിം സ്ത്രീകളും ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ടവരും ലൈംഗിക തൊഴിലാളികളും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു.

ചലോ നാഗ്പൂര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആരംഭിച്ചത് ബൈക്ക് റാലിയോടെയാണ്. പ്രതിഷേധങ്ങളുടെ സ്ഥിരം വേദിയായ സംവിധാന്‍ ചൗകില്‍ നിന്നാണ് റാലി ആരംഭിച്ചത്. ഇതിനു ശേഷം ഇന്‍ഡോറ മൈതാനത്ത് ഗാനാലാപനങ്ങളും തീപ്പൊരി പ്രസംഗങ്ങളും ഉണ്ടായി.

കോര്‍പ്പറേറ്റുകളും മതതീവ്രവാദികളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുകയാണ് നാഗ്പൂരിലെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും ഇത് വിപ്ലവത്തിന്റെ തുടക്കമാണെന്നും സാമൂഹിക പ്രവര്‍ത്തക ശബാന ഹാഷ്മി പറഞ്ഞു. ചലോ അഹമ്മദാബാദ്, ചലോ ഹൈദരാബാദ്, ചലോ ഡല്‍ഹി എന്നീ പരിപാടികള്‍ ഇനി വരാനിരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഇനിയൊരു രോഹിത് വെമുല ഉണ്ടാകരുത് എന്നാണ് രാധിക വെമുല പറഞ്ഞത്. രോഹിത്തിന്റെ മരണശേഷം ധാരാളം സമ്മര്‍ദ്ദമുണ്ടായി. നീതിയിലും നിയമത്തിലും ഇപ്പോഴും വിശ്വാസമുള്ളത് കൊണ്ടാണ് ചലോ നാഗ്പൂരില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നിരവധി പുരുഷന്‍മാകരും എത്തിയിരുന്നു. ഗോ സംരക്ഷണ നിയമം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, തൊഴില്‍ സ്ഥലങ്ങളിലെ ചൂഷണം, അഫ്സ്പ നിയമം എന്നീ കാര്യങ്ങളെ അപലപിച്ച് കൊണ്ടുള്ള പ്രമേയം പൊതു സമ്മേളനം പാസാക്കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധ റാലിയില്‍ അണിനിരന്നവരില്‍ ഭൂരിഭാഗവും.