| Monday, 18th January 2016, 11:24 am

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: ക്യാമ്പസുകളില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ അധികൃതരുടെ ജാതിയ പീഡനങ്ങളില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളില്‍ പ്രതിഷേധം ശക്തം.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ ദളിത് ന്യൂനപക്ഷ സംഘടനകളും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാല വി.സിയുടെ കോലം കത്തിക്കുകയും പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ തിങ്കളാഴ്ച മുഴുവന്‍ ക്ലാസുകളും ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്തു. രാവിലെ ഒമ്പതു മുതല്‍ ഇവിടെ ഒത്തുകൂടി പ്രതിഷേധ പരിപാടികള്‍ നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ ഇന്നുച്ചയ്ക്ക് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കും. “കുറ്റവാളികളെ ശിക്ഷിക്കുക, രോഹിത്തിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണ്” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുക. എസ്.എഫ്.ഐ, എ.ഐ.എസ്.എ,എ.ഐ.എസ്.എഫ്, ജെ.എന്‍.യു.എസ്.യു, ബി.എ.പി.എസ്.എ, ജെ.ടി.എസ്.എ,വൈ.എഫ്.ഡി.എ, യുനൈറ്റഡ് ഒ.ബി.സി ഫോറം, ഡി.എസ്.എഫ്, എന്നീ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

ഇന്നലെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ രോഹിതിന്റെ മൃതദേഹം എടുത്തുകൊണ്ടു പോകാന്‍ സമ്മതിച്ചിരുന്നില്ല. ഇന്ന് രാവിലെ പൊലീസ് എത്തിയാണ് മൃതദേഹം കൊണ്ടുപോയത്. എട്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി. ശിവദാസന്‍ ആഹ്വാനം ചെയ്തു.

ഞായറാഴ്ച വൈകുന്നേരമാണ് രോഹിത് വെമുലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു രോഹിത്. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തു എന്നാരോപിച്ച് രോഹിത് അടക്കം അഞ്ച് പേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എ.ബി.വി.പിയുടെയും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ബന്ദാരു ദത്താത്രേയയുടേയും ആവശ്യപ്രകാരമാണ് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കിയതെന്നാണ് ആരോപണം. വിദ്യര്‍ത്ഥികളെ പുറത്താക്കാന്‍ സര്‍വലാശാല അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് ദത്താത്രേയ കത്ത് നല്‍കിയിരുന്നു.

മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിയ്ക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും എ.ബി.വി.പിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് രോഹിത് അടക്കമുള്ളവരെ പുറത്താക്കിയത്.

രണ്ടാഴ്ചയോളമായി രോഹിതും സുഹൃത്തുക്കളും തുറസായ സ്ഥലത്താണ് കിടന്നുറങ്ങിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതിനിടെയാണ് രോഹിത് ജീവനൊടുക്കിയത്.

എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം; ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം

We use cookies to give you the best possible experience. Learn more