| Sunday, 1st December 2019, 5:18 pm

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ദല്‍ഹിയില്‍ കൂറ്റന്‍ റാലി; തൊഴിലില്ലായ്മക്കെതിരെയും സംവരണ നിഷേധത്തിനെതിരെയും മുദ്രാവാക്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ കൂറ്റന്‍ റാലി. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍, ബി.പി.സി.എല്‍, റെയില്‍വേ, എയര്‍ഇന്ത്യ, എച്ച്.എ.എല്‍, എന്‍.ടി.പി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

രാജ്യത്ത് ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മ, ഇ.വി.എം ക്രമക്കേട്, വിദ്യാഭ്യാസ രംഗത്തെ സംവരണം എടുത്തുകളയാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. വിവിധ മേഖലകളില്‍നിന്നുള്ള യുവജനങ്ങളും കര്‍ഷകരും തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

സാമൂഹ്യ-സര്‍വ്വീസ്-ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്തിലുള്ള റാലിക്ക് വലിയ ജനപങ്കാളിത്വമാണുള്ളത്. ദല്‍ഹിയിലെ റമീലാ മെയ്ഡന്‍ ഗ്രൗണ്ടിലേക്കാണ് റാലി എത്തുന്നത്.

മുന്‍ എം.പി ഡോ. ഉദിത്ത് രാജും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

‘സ്റ്റോപ് പ്രൈവറ്റൈസേഷന്‍ റാലി’ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങായി. രാജ്യത്തിന്റെ പൊതു സ്വത്ത് സ്വകാര്യ വസ്തുവാണെന്ന ലാഘവത്തോടെയാണ് കേന്ദ്രം വിറ്റുതുലയ്ക്കുന്നതെന്നും ബി.ജെ.പിയില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നുമുള്ള ട്വീറ്റുകളാണ് വരുന്നത്.

വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. വിദ്യാഭ്യാസ കേന്ദ്രങ്ങളും ഭരണഘടനപോലും ആക്രമിക്കപ്പെടുകയാണ്, ഒരു ട്വീറ്റ് ഇങ്ങനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more