ന്യൂദല്‍ഹി: കന്യാകുമാരിയില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അപ്‌ലോഡ് ചെയ്തതിനെതിരെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
പി.എം.ഒയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു: മോദിയോടുള്ള വിദ്വേഷം നയിക്കുന്ന ചില പാര്‍ട്ടികള്‍ ഇന്ത്യയെ വെറുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ സായുധസേനയെ പിന്തുണയ്ക്കുമ്പോള്‍ അവര്‍ സേനയെ സംശയിക്കുന്നതില്‍ അത്ഭുതമില്ല.”
മോദിയെ ഇന്ത്യയോട് താരതമ്യം ചെയ്തുള്ള ഈ ട്വീറ്റിനു കീഴില്‍ ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ഇങ്ങനെ:
ശരത്:
“ഞങ്ങളെല്ലാം ഇന്ത്യയെ സ്‌നേഹിക്കുന്നു. സര്‍ നിങ്ങളല്ല ഇന്ത്യ. നിങ്ങളും ഇന്ത്യക്കാരനാണ്. ഇന്ത്യ ഒട്ടേറെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഒട്ടേറെ യുദ്ധവും. പക്ഷേ ആരും ഇന്ന് ബി.ജെ.പി ചെയ്തതുപോലെ രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചിട്ടില്ല. 2014 ല്‍ ബി.ജെ.പി എം.പിക്കാണ് വോട്ടു ചെയ്തത് എന്നതില്‍ ലജ്ജിക്കുന്നു.”
മധുമിത മസുംദര്‍:
“പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ ഇത്തരത്തില്‍ ട്വീറ്റു ചെയ്യുന്നതില്‍ അത്ഭുതം തോന്നുന്നു. സര്‍ക്കാറിനോട് അല്ലെങ്കില്‍ പ്രധാനമന്ത്രിയോട് പൗരന്മാര്‍ ന്യായമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് ജനാധിപത്യത്തില്‍ മൗലിക അവകാശമാണ്. സര്‍ക്കാര്‍ ഞങ്ങളുടേതാണെന്ന് നികുതിദായകരായ എല്ലാ പൗരന്മാര്‍ക്കും അറിയാം. അവര്‍ ഉത്തരം അര്‍ഹിക്കുന്നു.”
അഭിജിത് രാജ്:
“ആരും സേനയെ ചോദ്യം ചെയ്യുന്നില്ല. മറിച്ച് ഐ.എ.എഫ് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഏത്രപേര്‍ക്ക് പരുക്കുപറ്റിയെന്നതു സംബന്ധിച്ചുള്ള കണക്ക് തങ്ങളുടെ പക്കലില്ലയെന്ന്. 300ലേറെയെന്ന കണക്ക് നിങ്ങളുടെ സര്‍ക്കാറാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനായി ജനങ്ങളുടെ മനസില്‍ പ്ലാന്റ് ചെയ്തത്. അതാണ് വിശ്വാസ്യത നഷ്ടപ്പെടുന്നതിലേക്ക് എത്തിയത്.”
നികിത നടരാജന്‍:
“മോദിയെ വെറുക്കുന്നത് ഇന്ത്യയെ വെറുക്കുന്നതിന് തുല്യമോ? പ്രധാനമന്ത്രി സ്വയം താന്‍ ഇന്ത്യയ്ക്കു പകരമെന്ന് കരുതുന്നുവോ? നമ്മുടെ ജനാധിപത്യ ബോധത്തിന് അങ്ങേയറ്റം അപകടകരമാണിത്.”
ദിപാലി ശിഖന്ദ്:
“എങ്ങനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇത്രയും വലിയ മിഥ്യാബോധമുണ്ടായത്? വൈകാരികത സൃഷ്ടിക്കാന്‍ നാടകം കളിക്കുന്നത്? ഇല്ല സര്‍: എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ സ്നേഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും മോദിയെ സ്‌നേഹിക്കുന്നു. ഇന്ത്യ മോദിയല്ല. മോദി ഇന്ത്യയുമല്ല. പി.എം.ഒ യില്‍ നിന്നും ഇത്തരം ട്വീറ്റുണ്ടാകുന്നത് അങ്ങേയറ്റം ഭീകരമാണ്.”