കോഴിക്കോട്: പുതിയ ആമിര്‍ ഖാന്‍ ചിത്രമായ “പി.കെ” ക്കെതിരെ കോഴിക്കോട് ഹനുമാന്‍ സേനയുടെ പ്രതിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ക്രൗണ്‍ തിയറ്ററിന് നേരെയാണ് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന രംഗങ്ങളുണ്ടെന്നതിനാല്‍ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇരുപതോളം വരുന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധം തിയറ്ററിന് മുന്‍ വശത്ത് വച്ച് പോലീസ് തടഞ്ഞു.
ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം സാംസ്‌കാരിക ഫാസിസമാണെന്നാണ് സംവിധായകനായ കമല്‍ പ്രതികരിച്ചിരിക്കുന്നത്.രാജ്യത്ത് വര്‍ഗീയത വളരുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതിഷേധങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കലാ സൃഷ്ടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത മേജര്‍ രവിക്കും പ്രിയദര്‍ശശനും തെറ്റ് മനസ്സിലായിട്ടുണ്ടാകുമെന്നും കമല്‍ പറഞ്ഞു.
രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെയും ഹൈന്ദവ വിശ്വാസത്തെയും ഹനിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് കൊണ്ട് സിനിമക്കെതിരെ രാജ്യ വ്യാപകമായി വിവിധ ഹിന്ദുത്വ സംഘടനകള്‍ പ്രകടിപ്പിക്കുന്ന വിദ്വേഷത്തിന്റെ തുടര്‍ച്ചയായാണ് ഹനുമാന്‍ സേനയുടെ പുതിയ പ്രകടനങ്ങള്‍
നേരത്തെ ഉത്തരേന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് വി.എച്ച്.പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഇരച്ച് കയറുകയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. മധ്യ പ്രദേശില്‍ മൂന്നോളം തിയറ്ററുകള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ച് വിട്ടിരുന്നു. ദല്‍ഹിയിലും, ഹൈദരാബാദിലും, കാണ്‍പൂരിലുമെല്ലാം സിനിമാ പ്രദര്‍ശന ശാലകള്‍ക്ക് മുന്‍പില്‍ സമാനമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
അതെ സമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ “പി.കെ”യില്‍ നിന്നും ഒരു സീന്‍ പോലും കട്ട് ചെയ്ത് ഒഴിവാക്കുകയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ലീല സാംസണ്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തെ എതിര്‍ത്ത് ആമിര്‍ ഖാനും രംഗത്തെത്തിയിരുന്നു. താന്‍ എല്ലാ മതത്തേയും ആദരിക്കുന്നയാളാണെന്നാണ് ആമിര്‍ പറഞ്ഞത്. ചിത്രം കണ്ട തന്റെ ഹിന്ദു സുഹൃത്തുക്കളിലാര്‍ക്കും ഇപ്പറഞ്ഞ രീതിയിലുള്ള പ്രശ്‌നങ്ങള്‍ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.