പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഐ.എം.എ; പ്രതിഷേധവുമായി ജനങ്ങള്‍
Environment
പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഐ.എം.എ; പ്രതിഷേധവുമായി ജനങ്ങള്‍
അമേഷ് ലാല്‍
Saturday, 30th December 2017, 7:59 am

പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പാലോട് ഇലവുപാലം ഓട് ചുട്ട പടുക്ക എന്ന സ്ഥലത്ത് ഉള്‍വനത്തില്‍ ഏഴരയേക്കര്‍ സ്ഥലത്താണ് ഐ.എം.എ ഗോസ് എക്കോ ഫ്രണ്ട്‌ലി(IMAGE) എന്ന സ്ഥാപനം ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതി തേടിയിട്ടുള്ളത്.

എന്നാല്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള, മിരിസ്റ്റിക്ക സ്വാമ്പ് അടക്കമുള്ള പ്രദേശത്ത് പ്ലാന്റിന് അനുമതി നല്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇമേജ് സ്ഥാപിച്ച ഇന്‌സിനറേറ്ററിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എം.എ മുന്നോട്ട് പോകുന്നത്.

വനത്തിനുള്ളില്‍ രാജഭരണ കാലത്ത് കൃഷിക്കായി കൈമാറിക്കിട്ടിയ ഭൂമി വര്‍ഷങ്ങളായി സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുകയാണെന്നാണ് ആരോപണം. പതിനേഴര ഏക്കര്‍ സ്ഥലത്തില്‍ നിന്നും ഏഴര ഏക്കര്‍ വാങ്ങിയാണ് ഐ.എം.എ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. 9 കോടി 20 ലക്ഷം രൂപ മുടക്കിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി തേടിയാണ് ഇമേജ് സംസ്ഥാന പ്രസിഡന്റ് പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. 2010 മുതല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.എം.എ നടത്തുന്നുണ്ട്.

ജനകീയ പ്രതിഷേധ കണ്‍വന്‍ഷന്‍

 

അതീവ രഹസ്യമായാണ് ഐ.എം.എ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയത്. ഡിസംബര്‍ 22 നാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് തിരുവനന്തപുരം കളക്ട്രേറ്റില്‍ വിളിച്ചത്. പത്രത്തില്‍ ഒരു അറിയിപ്പ് കണ്ടതിനെ തുടര്‍ന്ന് അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ പ്രതിനിധികള്‍ അവിടെ എത്തി, ഈ പദ്ധതി ഇവിടെ സ്ഥാപിക്കുന്നതിലുള്ള എതിര്‍പ്പും ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും അറിയിച്ചു.

അതിനെ തുടര്‍ന്ന് ജനുവരി 3 ന് പെരിങ്ങമ്മല പഞ്ചായത്തില്‍ വെച്ച് വീണ്ടുമൊരു ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറവും പ്രാദേശിക ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ ചെയര്‍മാന്‍ ഷിറാസ്ഖാന്‍ പറയുന്നു.

വാമനപുരം നദി, കല്ലടയാര്‍ എന്നിവയിലേക്ക് എത്തുന്ന നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന ചതുപ്പ് പ്രദേശമാണിത്. ആനകള്‍ ധാരാളമായി കാണപ്പെടുന്നു എന്ന് മാത്രമല്ല ആനകളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ലോകത്തില്‍ തന്നെ പശ്ചിമഘട്ടത്തിലെ ഏതാനും ഹെക്ടര്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന മിരിസ്റ്റിക്ക സ്വാമ്പ് എന്ന സവിശേഷ ശുദ്ധജല ചതുപ്പും ഈ ഭൂമിയില്‍ ഉള്‍പ്പെടുന്നു.

തട്ടേക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപൂര്‍വ്വ പക്ഷികളെ കണ്ടെത്താന്‍ കഴിയുന്ന അരിപ്പ പക്ഷി സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനേക്കാള്‍ വരയാടുകളെ കണ്ടെത്തിയിട്ടുള്ള വരയാട്ടു മുടിയുടെ താഴ്‌വാരത്താണ് ഈ ചതുപ്പ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ചതുപ്പ് കാണപ്പെടുന്നത് പെരിങ്ങമ്മല പഞ്ചായത്തിലാണ്.

 

ഈ പഞ്ചായത്തിലെ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയെ പോലും അറിയിക്കാതെയാണ് ഈ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കവുമായി ഐ.എം.എ മുന്നോട്ട് പോകുന്നത്. ഒരു ഇല പോലും എടുത്ത് മാറ്റി മാറ്റം വരുത്തിക്കൂടാത്ത അത്രക്ക് പരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത്. ഇവിടെ യാതൊരു തരത്തിലുള്ള മാറ്റവും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുള്ളതാണ്

പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറും ഈ സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നയാളുമായ സാലി പാലോട് പറയുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള പശ്ചിമ ഘട്ടത്തിലെ 39 സ്ഥലങ്ങളില്‍ ഒന്നാണ് പാലോട്. ലോകത്തിലെ തന്നെ എട്ടു ജൈവവൈവിധ്യ തീവ്രസ്ഥാനങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ആയിരത്തി അഞ്ഞൂറിലധികം വരുന്ന സസ്യജാതികളും അഞ്ഞൂറിലധികം വരുന്ന ജന്തുജാലവും പെരിങ്ങമ്മല പഞ്ചായത്തില്‍ നടത്തിയ ജൈവവൈവിധ്യ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേരളത്തില്‍ ഏറ്റവും ജൈവവൈവിധ്യ സമ്പന്നമായ പഞ്ചായത്താണ് പെരിങ്ങമ്മല

അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ ചെയര്‍മാന്‍ ഷിറാസ്ഖാന്‍ ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ട വനമേഖലയിലെ അത്യപൂര്‍വ്വ സസ്യാവരണമാണ് മിരിസ്റ്റിക്ക ചതുപ്പുകള്‍. വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സസ്യസമ്പത്ത് 1960-കളിലാണ് കേരളത്തില്‍ ആദ്യമായി കൊല്ലം ജില്ലയിലെ ചെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയില്‍ കണ്ടെത്തിയത്. 15 മുതല്‍ 30 വരെ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന തലപ്പ് വിസ്തൃതമായുള്ള നിത്യഹരിതസസ്യങ്ങളാണ് മിരിസ്റ്റിക്ക ചതുപ്പുകളില്‍ കാണപ്പെടുന്നത്. മിറിസ്റ്റിക്കേസി സസ്യകുടുംബത്തിലെ വിവിധ സസ്യങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഭൂമിക്കു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇവയുടെ പ്രത്യേകത. ഈ വേരുകള്‍ റ പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് മിരിസ്റ്റിക്ക ചതുപ്പുകള്‍.

മിരിസ്റ്റിക്കാ സ്വാമ്പ് ശുദ്ധജല ചതുപ്പ്

 

പശ്ചിമഘട്ടത്തിലുള്ള മിക്കതരം വനപ്രദേശങ്ങളും അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സസ്യഗവേഷണ സ്ഥാപനമായ ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ഈ പ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രം കാണുന്ന ഏകദേശം 300 തദ്ദേശീയ സസ്യഇനങ്ങള്‍ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ അന്‍പതോളം സസ്യഇനങ്ങള്‍ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വില്‍ മാത്രമായി കാണപ്പെടുന്നവയാണ്. ഔഷധസസ്യങ്ങളുടെ കലവറയായ ഈ പ്രദേശത്തുകാണുന്ന മിക്ക സസ്യയിനങ്ങളും അപൂര്‍വങ്ങളോ അഥവാ വംശനാശഭീഷണി നേരിടുന്നവയോ ആണ്. ഏകദേശം 150-ഓളം വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങള്‍ ഇവിടെയുണ്ട്. അഗസ്ത്യമലയിലേയും പരിസര പ്രദേശത്തേയും സസ്യജന്തുജാലങ്ങളുടെ സര്‍വേ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍. പുതിയ ഇനം സസ്യങ്ങളെ ഓരോ വര്‍ഷവും ഈ ഭാഗത്തുനിന്നും ഗവേഷകര്‍ കണ്ടെത്തുന്നത് ഇതിനൊരു തെളിവാണ്. 2016 ല്‍ യുനെസ്‌കോ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയില്‍ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിര്‍ദ്ദിഷ്ട ഐ.എം.എ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. കേരളത്തിലെ പശ്ചിമഘട്ട മേഖലയില്‍ കാണുന്ന സസ്യജാതികളെ സംരക്ഷിച്ച് വെക്കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ വിശാലമായ സസ്യസമ്പത്തിനും ഈ പ്ലാന്റ് ഗുരുതര ഭീഷണി ഉയര്‍ത്തുമെന്ന് അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. അഗസ്ത്യമലയിലെ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായ രൂപം നല്‍കുന്നതില്‍ ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സര്‍വേയിലെയും ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മിരിസ്റ്റിക്കാ സ്വാമ്പ് ശുദ്ധജല ചതുപ്പ്

 

പാലക്കാട് പുതുശ്ശേരിയില്‍ ഇന്ത്യന്‍ മെഡിക്കല് അസോസിയേഷന് നടത്തുന്ന ഇമേജ് മാലിന്യ പ്ലാന്റ് ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മലമ്പുഴ ഡാം പരിസരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ വ്യാപകമായ പ്രതിഷേധം പരിസരവാസികള്‍ക്കിടയില്‍ ഉണ്ട്. പ്ലാന്റ് കുടിവെള്ളത്തിനും ജനജീവിതത്തിനും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു.

ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനീകരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ 2016 ല്‍ അന്നത്തെ ആരോഗ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ആയിരക്കണക്കിന് ആശുപത്രികളില്‍ നിന്നും ഐ.എം.എ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണിത്. ഈ മാലിന്യങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാതെ മലമ്പുഴ ഡാമിലും പരിസരപ്രദേശങ്ങളിലും പരക്കുന്നതായി ബോധ്യപ്പെട്ടെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ വ്യാപകമായി പരാതികള്‍ക്ക് കാരണമാവുകയും ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഒരു സ്ഥാപനം ലോകത്തിലെ തന്നെ അത്യപൂര്‍വ്വവും അതി ദുര്‍ബലവുമായ ഒരു വനമേഖലയ്ക്കുള്ളില്‍ സ്ഥാപിക്കാന്‍ ഉള്ള ഐ.എം.എ യുടെ നീക്കത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്.

“ഒരു ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുക പോലും പാടില്ലാത്ത ഇവിടെ പ്ലാന്റ് സ്ഥാപിക്കുമെന്ന ഐ.എം.എയുടെ തീരുമാനത്തിനെതിരെ ഹരിത ട്രിബ്യുണലിനെ അടക്കം സമീപിക്കാനാണ് തീരുമാന”മെന്ന് സാലി പാലോട് പറയുന്നു.

 

“വിവിധ ആശുപത്രികളില്‍ നിന്ന് കൊണ്ട് വരുന്ന ശസ്ത്രക്രിയ അവശിഷ്ടങ്ങളും ശരീരഭാഗങ്ങളും ഒക്കെ അടങ്ങുന്ന ബയോമെഡിക്കല്‍ വേസ്റ്റ് സംസ്‌കരിക്കാനുള്ള പ്ലാന്റാണ് ഐ.എം.എ ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും സമയത്ത് ശബ്ദ വായു ജല മലിനീകരണവും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിജ്ഞാപനത്തില്‍ തന്നെ പറയുന്നുണ്ട്.

ഇത്രയും പാരിസ്ഥിതികമായി ദുര്‍ബലമായ ഒരു പ്രദേശത്ത് തന്നെ ഇത്രയും മലിനീകരണ സാധ്യതയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന ഐ.എം.എ എങ്ങനെ എക്കോ ഫ്രണ്ട്‌ലി ആകും”

അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ ചെയര്‍മാന്‍ ഷിറാസ്ഖാന്‍ ചോദിക്കുന്നു.